KeralaNews

‘വന്ധ്യതയ്ക്കുള്ള മരുന്ന് കലർത്തുന്ന ഹോട്ടലുകൾ ഉണ്ടായിരുന്നെങ്കിൽ പിസി ജോർജിന്റെ മാതാപിതാക്കൾ അവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ടതായിരുന്നു’

കൊച്ചി:മുൻ എംഎൽഎ പിസി ജോർജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാദ്ധ്യതയായി മാറിയിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു എന്ന് പിസി ജോ‌ർജ് പരാമർശിച്ചിരുന്നു. മുസ്ലീങ്ങൾ അവരുടെ ജനസംഘ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ ജോർജിന്റെ പ്രസംഗത്തിനെതിരെ യൂത്ത് ലീഗും പരാതി നൽകിയിരുന്നു.

ലൈംലൈറ്റിൽ നിൽക്കാൻ എന്ത് നീചമായ നെറികേടും പറയുന്ന വ്യക്തി എന്ന ലേബൽ ജോർജ് ലൈസൻസാക്കി മാറ്റിയിരിക്കുകയാണ്. ഏത് വൃത്തികേടും വർഗീയതയും ഒഴുകുന്ന അഴുക്കുചാലാണ് അതിൽ നിന്നും വരുന്ന വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്നും രാഹുൽ കുറിച്ചു. ജോ‌ർജ് പറഞ്ഞത് പോലൊരു ഹോട്ടൽ ഇല്ല എന്നത് നമുക്കറിയാം എന്നും, ഇനി പതിറ്റാണ്ടുകൾക്ക് മുമ്പ് അങ്ങനെയൊരു ഹോട്ടൽ ഉണ്ടായിരുന്നെങ്കിൽ അവിടെ നിന്ന് പിസി ജോർജിന്റെ മാതാപിതാക്കൾ ഭക്ഷണം കഴിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് പോകുന്നു എന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പി. സി ജോർജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ലൈംലൈറ്റിൽ നില്ക്കുവാൻ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബൽ ഒരു ലൈസൻസാക്കി മാറ്റിയിരിക്കുന്നു ജോർജ്ജ്.

തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വർഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല.

‘മുസ്ലിംഗളുടെ ഹോട്ടലുകളിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു തുള്ളി ഒഴിച്ചാൽ പിന്നെ കുട്ടികളുണ്ടാകില്ല’ impotent ആയി പോകും. വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാൻ പോവുകയാണ്”

എത്ര നീചമായ വാക്കുകളാണിത്. അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകൾക്ക് മുൻപ് അത്തരത്തിൽ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലിൽ നിന്ന് പ്ലാന്തോട്ടത്തിൽ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button