മുണ്ടക്കൈ: വയനാട്ടിലുണ്ടായത് അതീവ ദു:ഖകരമായ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ ദുരന്തം തന്നെയാണെന്നും രാഹുല്‍. അച്ഛന്‍ മരിച്ചപ്പോഴുണ്ടായ അതേ വേദനയാണ് ഇപ്പോള്‍ തനിക്കുള്ളത്. ജനങ്ങളോട് സംസാരിക്കാന്‍ പോലും തനിക്ക് സാധിക്കുന്നില്ല. ഇവിടെ ആളുകള്‍ക്ക് കുടുംബത്തെ ഒന്നാകെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
രാജ്യം മുഴുവന്‍ വയനാടിനൊപ്പം നില്‍ക്കണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു. വയനാട്ടിലെ ദുരന്തഭൂമിയില്‍ ഉള്ളവരെ രാഹുലും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു. വാക്കുകള്‍ക്ക് അതീതമായ ഈ ദുരന്തമെന്ന് പ്രിയങ്ക പറഞ്ഞു. ഹിമാചല്‍ പ്രദേശിലും സമാനമായ സംഭവമുണ്ടായി. ഈ ഘട്ടത്തില്‍ തന്റെ മനസ്സ് ദുരന്തബാധിതര്‍ക്കൊപ്പമാണെന്നും പ്രിയങ്ക വ്യക്തമാക്കി.
ഭീകരമായ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. പ്രദേശവാസികളുടെ അവസ്ഥ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടവരെ കണ്ടു. എന്താണ് അവരോട് പറയേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കുട്ടിയെ കണ്ടിരുന്നു.
ആ കുട്ടിയെ തന്റെ പ്രിയപ്പെട്ടവരെ രക്ഷിക്കാന്‍ നോക്കി പരായപ്പെട്ട കാര്യം പറഞ്ഞിരുന്നു. ആ സമയം എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. വയനാട്ടില്‍ ഇനി പുനരധിവാസത്തിനായിരിക്കും പ്രാധാന്യം നല്‍കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു. നേരത്തെ കെസി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ഒപ്പമാണ് രാഹുലും പ്രിയങ്കയും വയനാട്ടിലെത്തിയത്.
ആദ്യം ചൂരല്‍ മലയില്‍ എത്തിയ രാഹുല്‍ രക്ഷാപ്രവര്‍ത്തനം ഏകോപ്പിപ്പിക്കുന്നതിനെ കുറിച്ചാണ് അന്വേഷിച്ചത്. ഉരുള്‍പ്പൊട്ടല്‍ നാശംവിതച്ച മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു. വയനാട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തുമെന്ന് അറിയിച്ച രാഹുല്‍ ഗാന്ധി പിന്നീട് സന്ദര്‍ശനം മാറ്റുകയായിരുന്നു.
മോശം കാലാവസ്ഥ കാരണമാണ് യാത്ര ഒഴിവാക്കിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും, വയനാട് ജില്ലാ കളക്ടറുമായും രാഹുല്‍ ഫോണില്‍ സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ അടിയന്തര സഹായവും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് എഐവൈഎഫും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വീട് നഷ്ടപ്പെട്ട പത്ത് കുടുംബങ്ങള്‍ വീട് വെച്ച് നല്‍കുമെന്ന് എഐവൈഎഫ് അറിയിച്ചു. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്. വയനാടിനെ വീണ്ടെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നഷ്ടപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് നേതാക്കള്‍ അറിയിച്ചു.