NationalNews

രാഹുൽ ഗാന്ധിയുടെ കസ്റ്റഡി അഞ്ച് മണിക്കൂര്‍ പിന്നിടുന്നു, രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ചുള്ള  രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത വയനാട് എംപി രാഹുൽ ഗാന്ധിയെയും മറ്റ് എംപിമാരെയും അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും വിട്ടയച്ചിട്ടില്ല. രാഹുൽ അടക്കമുള്ള എംപിമാരെല്ലാം കസ്റ്റഡിയിൽ തുടരുകയാണ്. കിംഗ്സ് വേ പൊലീസ് സ്റ്റേഷനിലാണ് എംപിമാരുള്ളത്. 

വിജയ് ചൗക്കില്‍ മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം മറ്റ് എംപിമാരേയും ബലപ്രയോഗത്തിലൂടെ നീക്കി. എഐസിസി ആസ്ഥാനവും സംഘര്‍ഷഭരിതമായി. മനോവീര്യം തകര്‍ക്കാൻ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. തൊഴിലില്ലായ്മ ജിഎസ് ടി തുടങ്ങിയ വിഷയങ്ങളിൽ ചോദ്യം ചോദിക്കരുതെന്നാണ് കേന്ദ്ര നിലപാടെന്നും രാഹുൽ കസ്റ്റഡിയിലിരിക്കെ ട്വീറ്റ് ചെയ്തു. 

അന്വേഷണ ഏജന്‍സികളെ  കേന്ദ്രം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റത്തില്‍ ചര്‍ച്ച അനുവദിക്കില്ലെന്നുമുള്ള പരാതിയുമായാണ് രാഷ്ട്രപതിയെ കാണാന്‍ പ്രതിഷേധ മാര്‍ച്ചായി എംപിമാര്‍ നീങ്ങിയത്. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നിരോധനമുള്ള വിജയ് ചൗക്കില്‍ മാര്‍ച്ച് ദില്ലി പൊലീസ് തടഞ്ഞു. ഇതോടെ എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊടിക്കുന്നില്‍ സുരേഷ്, രമ്യഹരിദാസ് , ടിഎന്‍ പ്രതാപന്‍ തുടങ്ങിയ എംപിമാരെ  ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. വലിച്ചഴച്ചാണ് എംപിമാരെ നീക്കിയത്. 

പിന്നാലെ രാഹുല്‍ഗാന്ധി റോഡിൽ കുത്തിയിരുന്ന് ഒറ്റക്ക് പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുക്കുകയാണെന്നറിയിച്ചിട്ടും പ്രതിഷേധത്തില്‍ നിന്ന് പിന്മാറാത്ത രാഹുല്‍ഗാന്ധിയെയും ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കളെ പിന്നീട് കിംഗ്സ് വേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. 

വിജയ് ചൗക്കില്‍ രാഹുല്‍ഗാന്ധിയെയടക്കം കസ്റ്റഡിയിലെടുത്തതോടെ എഐസിസിയില്‍ സമാധാനപരമായി പ്രതിഷേധിച്ച നേതാക്കളും പ്രവര്‍ത്തകരും പ്രകോപിതരായി. ഇതോടെ ബലപ്രയോഗത്തിലൂടെ പൊലീസ് പ്രതിഷേധക്കാരെ  കീഴടക്കി. തലമുടിക്ക് കുത്തി പിടിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വിശ്രീനിവാസിനെ കസ്റ്റഡിയിലെടുത്തത്. മുതിര്‍ന്ന നേതാക്കളായ അജയ് മാക്കന്‍, പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരും സച്ചിന്‍ പൈലറ്റടക്കമുള്ള മറ്റ് നേതാക്കളും പൊലീസ് കസ്റ്റഡിയിലായി.വിലക്കയറ്റ വിഷയത്തില്‍ പാര്‍ലെമെന്‍റിലും, സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ പുറത്തും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button