ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahu രംഗത്ത്. പ്രധാനമന്ത്രിയുടെ മാപ്പപേക്ഷയെ കൃഷിമന്ത്രി അപമാനിച്ചു എന്ന് രാഹുൽ അഭിപ്രായപ്പെട്ടു. കാർഷിക നിയമങ്ങളുമായി വന്നാൽ വീണ്ടും പ്രതിഷേധം നേരിടേണ്ടി വരുമെന്നും രാഹുൽ ഓർമ്മിപ്പിച്ചു.
കാർഷിക നിയമങ്ങൾ (Farm Laws) വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്നായിരുന്നു കേന്ദ്ര കൃഷിമന്ത്രിയുടെ പരാമർശം. ഉചിതമായസമയത്ത് തീരുമാനമെടുക്കും. നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശയില്ല. തൽക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുൻപോട്ട് വരുമെന്നും നരേന്ദ്ര സിംഗ് തോമർ കൂട്ടിച്ചേര്‍ത്തു.
ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെ തുടര്‍ന്നാണ് കർഷകർക്ക് മുന്നിൽ കേന്ദ്ര സർക്കാർ കീഴടങ്ങിയത്. ചർച്ച കൂടാതെത്തന്നെ കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുമുണ്ട്. അതിനാൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്.
2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കർഷകസമരം ഇരമ്പി. ദില്ലി അതിർത്തികൾ വളഞ്ഞ് കർഷകർ സമരമിരുന്നപ്പോൾ അവരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം മുഴുവൻ ദില്ലിയുടെ അതിർത്തിയായ സിംഘുവിലേക്ക്, സമരപ്പന്തലുകളിലേക്കുറ്റുനോക്കി. ട്രാക്റ്റർ റാലിക്കിടെയുണ്ടായ അക്രമങ്ങളിലൂടെ കർഷകസമരത്തെ ഇകഴ്ത്തിക്കാട്ടാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. കർഷകരെ കോൺഗ്രസ് ഇളക്കിവിടുകയാണെന്ന് പലപ്പോഴും ബിജെപി ആരോപണമുന്നയിച്ചെങ്കിലും സംയുക്ത കിസാൻ മോർച്ചയെന്ന പൊതുവേദിയിൽ ഊന്നി നിന്ന് സമരഭൂമിയിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിച്ചു.
ഒടുവിൽ ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി നടത്തിയ കൂട്ടക്കൊല രാജ്യത്തെ നടുക്കി. ഇതോടെ കേന്ദ്ര സർക്കാരിന് നിൽക്കക്കള്ളിയില്ലാതായി. നടപ്പാക്കിയ നിയമം ഒരു വർഷത്തിനു ശേഷം പിൻവലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വന്നു.
കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്ന് ഒരു വര്‍ഷവും രണ്ട് മാസവുമാകുമ്പോൾ നവംബർ 19-നാണ് മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ഒരു ടെലിവിഷൻ പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുന്നത്. ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവയ്ക്കുക കൂടി ചെയ്തതോടെ ഐതിഹാസികമായ കർഷകസമരത്തിന് ഫലം കണ്ടു.