ന്യൂഡൽഹി: ബിജെപിയെയും ആർഎസ്എസിനെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ബിജെപിയും ആർഎസ്എസും തങ്ങൾ ശ്രേഷ്ഠരാണെന്ന് കാണിക്കാൻ ശ്രമിക്കുന്നു. മറ്റെല്ലാ ആശയങ്ങളേക്കാളും ഭാഷകളേക്കാളും ആശയങ്ങളേക്കാളും ശ്രേഷ്ഠമായ കാഴ്ചപ്പാടും പ്രത്യയശാസ്ത്രവുമാണ് ബിജെപിക്ക് ഉള്ളതെന്ന് അവർ കരുതുന്നു. ബിജെപി എല്ലാറ്റിലുമുപരിയാണെന്ന് കണക്കാക്കുന്നതായും രാഹുൽ കുറ്റപ്പെടുത്തി.
“ബിജെപിക്ക് വിനയവുമായി യാതൊരു ബന്ധവുമില്ല. ഞാൻ വരുന്നത് ശ്രേഷ്ഠതാ ബോധത്തോടെയല്ല, മറിച്ച് താഴ്മയോടെയാണ്. കാരണം നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടെന്ന് മനസ്സിലാക്കുന്നു. വൈവിധ്യമാർന്ന ഗോത്രങ്ങൾ, താഴ്വരകൾ, കുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ എനിക്ക് നിങ്ങളിൽ നിന്ന് പഠിക്കാൻ കഴിയും.” – രാഹുൽ പറഞ്ഞു.
കൊവിഡിന്റെ ആദ്യ സമയങ്ങളിൽ പൗരന്മാരോട് പാത്രങ്ങൾ തട്ടി ശബ്ദമുണ്ടാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. പ്രത്യേക അവസരങ്ങളിൽ വിളക്കുകളോ മെഴുകുതിരികളോ മൊബൈൽ ഫോൺ ഫ്ലാഷ്ലൈറ്റുകളോ കത്തിക്കാൻ ഐക്യദാർഢ്യത്തിന്റെ പ്രകടനമായി ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ ഓക്സിജനും വെന്റിലേറ്ററുകളും കണ്ടെത്താൻ പലരും പാടുപെടുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. നിങ്ങൾ ചിരിക്കുന്നുണ്ടെങ്കിലും അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ആശയങ്ങൾ ഇവയാണെന്നും രാഹുൽ പരിഹസിച്ചു.
ഫെബ്രുവരി 28 ന് നടക്കുന്ന ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി രാഹുൽ ഗാന്ധി മണിപ്പൂരിൽ എത്തി. ഇംഫാലിലെത്തിയ അദ്ദേഹം പ്രവർത്തകരെ കാണുകയും തുടർന്ന് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. മണിപ്പൂരിലെ 60 അംഗ അസംബ്ലി തെരഞ്ഞെടുക്കാൻ രണ്ട് ഘട്ടങ്ങളിലായി ഫെബ്രുവരി 28 നും മാർച്ച് 5 നും വോട്ടെണ്ണൽ നടക്കും. മാർച്ച് 10 നാണ് വോട്ടെണ്ണൽ.