ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം എന്നിവര്‍ ചേര്‍ന്ന് നേരത്തെ ഇരുവരേയും പൊതുസംവാദത്തിന് ക്ഷണിച്ചിരുന്നു. ഈ സംവാദത്തിന് സമ്മതമെന്നുകാണിച്ചാണ് രാഹുല്‍ മറുപടി നല്‍കിയിരിക്കുന്നത്.
സംവാദത്തിനായുള്ള ക്ഷണക്കത്തിന് മറുപടിയായി ഔദ്യോഗിക ലെറ്റല്‍പാഡില്‍ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമിലൂടെയാണ് രാഹുല്‍ ജനങ്ങളുമായി പങ്കുവെച്ചത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹത്തില്‍നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും രാഹുല്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ തങ്ങളുടെ നേതാക്കളെ നേരിട്ട് കേള്‍ക്കാന്‍ പൊതുജനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള ഒരു സംവാദം തങ്ങളുടെ കാഴ്ചപ്പാട് ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഇരുകക്ഷികള്‍ക്കും ഏറെ സഹായകരമാകും. ഈ ഒരു ഉദ്യമത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ ക്ഷണത്തിന് അയച്ച ഔദ്യോഗിക മറുപടിയില്‍ വ്യക്തമാക്കുന്നു.
സംവാദത്തിന്റെ വേദി, സമയം, മോഡറേറ്റര്‍, ഫോര്‍മാറ്റ് എന്നിവ ഇരുഭാഗത്തിനും സ്വീകാര്യമായ തരത്തിലാവാമെന്ന് നിര്‍ദേശിക്കുന്ന പൊതു സംവാദത്തിനുള്ള പൗരപ്രമുഖരുടെ ക്ഷണക്കത്തില്‍, നേതാക്കള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ സംവാദത്തിന് പ്രതിനിധികളെ അയക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനോടൊക്കെ താന്‍ അനുകൂലിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംവാദത്തിന് തയ്യാറായാല്‍ തന്നെ അറിയിക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു. ഏതെങ്കിലും കാരണവശാല്‍ തനിക്ക് സംവാദത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തപക്ഷം കോണ്‍ഗ്രസ് അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തനിക്ക് പകരം സംവാദത്തില്‍ പങ്കെടുക്കുമെന്നും രാഹുല്‍ വ്യക്തമാക്കുന്നു.