എത്രയും വേഗം പുതിയ അധ്യക്ഷനെ കണ്ടെത്തണം; നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ രാഹുല്‍ ഗാന്ധി. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും പുതിയ അധ്യക്ഷനെ എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നു രാഹുല്‍ ആവശ്യപ്പെട്ടതായാണ് വിവരം. തുടരണമെന്ന് നേതാക്കള്‍ യോഗത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നുള്ളയാളാകണം പുതിയ അമരക്കാരനെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി രാഹുല്‍ നല്കിയ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍, പുതിയ അധ്യക്ഷനെ കണ്ടെത്താനായില്ലെന്നും രാഹുലിന് പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കിയിരുന്നു.