ഷഹീന്‍ബാഗ് സ്‌ക്വയര്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ രാഹുല്‍ ഈശ്വറിനെ ഒരു വിഭാഗം തടഞ്ഞു; ഒടുവില്‍ മടക്കം
കോഴിക്കോട്: യൂത്ത് ലീഗ് ഷഹീന്‍ബാഗ് സ്‌ക്വയര്‍ സമരത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഈശ്വര്‍ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി. ഇന്നലെ വൈകിട്ടാണ് രാഹുല്‍ ഈശ്വര്‍ സമരവേദിയിലെത്തുമെന്ന് അറിയിച്ചത്. യൂത്ത് ലീഗ് ഇതു സംബന്ധിച്ച പോസ്റ്ററുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകീട്ട് തന്നെ രാഹുല്‍ കോഴിക്കോടെത്തുകയും ചെയ്തു. എന്നാല്‍ ഇയാളെ പങ്കെടുപ്പിക്കുന്നതില്‍ യൂത്ത് ലീഗിലെ തന്നെ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് അറിയിക്കുകയായിരുന്നു.
രാഹുല്‍ എത്തുകയാണെങ്കില്‍ തടയുമെന്ന് നജീബ് കാന്തപുരമുള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാടെടുത്തതോടെ പി.കെ ഫിറോസ് രാഹുല്‍ ഈശ്വറിനോട് പരിപാടിയില്‍ വരണ്ട എന്ന് അറിയിക്കുകയായിരിന്നു. കോഴിക്കോടെത്തിയ രാഹുല്‍ പിന്നീട് മടങ്ങിപ്പോവുകയും ചെയ്തു. സംഘപരിവാര്‍ സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രാഹുല്‍ ഈശ്വറിനെ യൂത്ത് ലീഗ് സമരപരിപാടിയില്‍ ക്ഷണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്.
തീവ്രഹിന്ദുത്വ നിലപാടുകള്‍ പുലര്‍ത്തുകയും നേരത്തെ ലൗവ് ജിഹാദ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തയാളെ പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരത്തിലേക്ക് ക്ഷണിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്. പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തിനു ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ ഒരു മാസക്കാലമായി കോഴിക്കോട് കടപ്പുറത്ത് മുസ്ലിം യൂത്ത്ലീഗ് ‘ഷഹീന്‍ബാഗ് സ്‌ക്വയര്‍’ സമരം നടത്തുകയാണ്. മുഖ്യ പ്രഭാഷണത്തിനായാണു രാഹുല്‍ ഈശ്വറിനെ ക്ഷണിച്ചിരുന്നത്.