ചെന്നൈ:തമിഴ്നാട്ടിലെ സകലമേഖലകളിലും കൈവെച്ച് വെന്നിക്കൊടി പാറിച്ചിട്ടുള്ള നടനാണ് ശരത്കുമാര്.രാഷ്ട്രീയപ്രവര്ത്തകന്,താരസംഘടനാ നേതാവ് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ ശരത് കുമാര്‍ ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. തമിഴിലാണ് കൂടുതല്‍ അഭിനയിക്കുന്നതെങ്കിലും മലയാളം, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലൊട്ടാകെ ശരത്കുമാര് തന്റെ അഭിനയമികവ് കാഴ്ച വെച്ചു. മലയാളികള്‍ക്കെന്നും പഴശ്ശിരാജയിലെ ഇടച്ചേന കുങ്കനായി അറിയപ്പെടാനായിരിക്കും ഇഷ്ടം.ശരത്കുമാറിന്റെ പിറന്നാള്‍ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സമൂഹ മാധ്യമങ്ങള്‍ നിറയെ ആശംസാപ്രവാഹമാണ്. കൂട്ടത്തില്‍ ഭാര്യ രാധികയുമുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് രാധിക ആശംസകള്‍ അറിയിച്ചത്. ഇതോടെ ഇരുവരുടെയും പ്രണയകഥയും വിവാഹങ്ങളുമെല്ലാം വീണ്ടും ചര്‍ച്ചയാവുകയാണ്.മകന് രാഹുലിനൊപ്പമായിരുന്നു രാധികയും ശരത്കുമാറും ചേര്‍ന്ന് പിറന്നാള്‍ ആഘോഷമാക്കിയിരിക്കുന്നത്. കേക്ക് മുറിച്ച് ലളിതമായൊരു ചടങ്ങിലായിരുന്നു ആഘോഷം. കേക്ക് മുറിക്കുന്ന സമയത്ത് ഭര്‍ത്താവിനെ കെട്ടിപിടിച്ച് നില്ക്കുന്ന ചിത്രമായിരുന്നു രാധിക പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ യഥാര്‍ഥ ശരത്കുമാര് എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് കൊടുത്തതും. പിന്നാലെ ശരത്കുമാറിന് ആശംസ അറിയിച്ച് പ്രമുഖ താരങ്ങളും ആരാധകരുമെല്ലാം രംഗത്ത് എത്തിയിരുന്നു. താരദമ്പതികളുടെ വിശേഷങ്ങളറിയാനുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നിരുന്നു.
തമിഴിലെ മുന്‍നിര താരദമ്പതിമാരാണ് ശരത് കുമാറും രാധികയും. ഒന്നിലധികം തവണ വിവാഹിതരായ ഇരുവരും 2001 ലാണ് വിവാഹിതരാവുന്നത്. രാധികയുടെ മൂന്നാം വിവാഹവും ശരത്കുമാറിന്റെ രണ്ടാം വിവാഹവുമായിരുന്നിത്. ഛായ ദേവിയാണ് ശരത്കുമാറിന്റെ ആദ്യഭാര്യ. ഈ ബന്ധത്തില്‍ വരലക്ഷ്മി, പൂജ എന്നിങ്ങനെ രണ്ട് പെണ്മക്കളുണ്ട്. വരലക്ഷ്മി ശരത്കുമാര് ഇപ്പോള്‍ തെന്നിന്ത്യയിലെ ശ്രദ്ധേയായ അഭിനേത്രിയാണ്. അച്ഛന്റെ പേരുണ്ടെങ്കിലും സിനിമയില്‍ സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ താരപുത്രിയ്ക്ക് കഴിഞ്ഞിരുന്നു.
മലയാള നടന് പ്രതാപ് പോത്തനെയായിരുന്നു രാധിക ആദ്യം വിവാഹം കഴിക്കുന്നത്. 1985 ല്‍ വിവാഹിതരായ ഇരുവരും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വേര്‍പിരിഞ്ഞു. പിന്നീട് 1990 ലാണ് ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയുമായി രാധിക വിവാഹിതയാവുന്നത്. ഈ ബന്ധം 1992 ല്‍ അവസാനിപ്പിച്ചു. ഇതില്‍ റയാന് എന്നൊരു മകളുണ്ട്. ആദ്യ രണ്ട് വിവാഹങ്ങളും വേര്‍പിരിഞ്ഞതിന് ശേഷം 2001 ല്‍ ശരത്കുമാറും രാധികയും ഒന്നിച്ചു. 2004 ല്‍ രാഹുല്‍ എന്നൊരു ആണ്‍കുഞ്ഞ് കൂടി ഇവര്‍ക്ക് പിറന്നു.
രാധിക, ശരത്കുമാര്, അരവിന്ദ് സ്വാമി എന്നിങ്ങനെയുള്ള താരങ്ങളെല്ലാം ചേര്‍ന്ന് നല്ലൊരു സുഹൃത്ത് വലയം ഉണ്ടായിരുന്നു. ഇവരെല്ലാം ഒരുമിച്ച് കൂടുകയും പാര്‍ട്ടികളൊക്കെ നടത്താറുമുണ്ടായിരുന്നു. ‘ശരതും ഞാനും എത്രയോ കാലങ്ങളായി സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. കഥകള്‍ പറയുകയും ഒരുമിച്ച് പുറത്ത് പോവുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. ആദ്യമായി തന്റെ അമ്മ ഇക്കാര്യത്തില്‍ ഇടപ്പെട്ട് നിനക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്ന് പറഞ്ഞു. അദ്ദേഹത്തെ വിവാഹം കഴിക്കുന്നത് നല്ലതാണെന്ന് കൂടി സൂചിപ്പിച്ചു.
മകള്‍ റയാന് ഒരു സുരക്ഷിതത്വം ഉറപ്പാക്കാന്‍ അത് നല്ലതായിരുന്നു.പിന്നീട് ഇത് നടത്തിക്കൂടാ എന്ന് ചിന്തിച്ചു. രാധികയുടെ ജീവിതത്തെ രൂപപ്പെടുത്തി എടുക്കുന്നതില്‍ അവരുടെ അമ്മയാണ് പ്രധാന പങ്കുവഹിച്ചത്. അങ്ങനെയാണ് 2001 ഫെബ്രുവരിയില്‍ രാധികയും ശരത്കുമാറും വിവാഹിതരാവുന്നത്. വിവാഹശേഷം ശരത് സിനിമകളിലും രാധിക ടെലിവിഷനിലുമായി നിറഞ്ഞ് നിന്നിരുന്നു. ഇതിനിടെ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെപ്പ് നടത്തിയിരുന്നു.
രാധികയും ശരത്കുമാറും തമ്മിലുള്ള വിവാഹജീവിതത്തെ കുറിച്ച് മകള്‍ വരലക്ഷ്മി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. രാധിക തനിക്ക് അമ്മയല്ല. ആന്റി എന്നാണ് വിളിക്കാറുള്ളത്. അവരുമായി അടുത്ത ബന്ധമുണ്ട്. അച്ഛന് ശരത്കുമാും രാധികയും വളരെ സന്തോഷത്തോടെയാണ് അവരുടെ ദാമ്പത്യജീവിതം ആസ്വദിക്കുന്നത്. മാത്രമല്ല രാധികയുടെ മകള്‍ റയാന് ശരത്കുമാര് നല്ലൊരു അച്ഛന് കൂടിയാണെന്നും വരലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു.