തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും പറയേണ്ടതെല്ലാം യൂട്യൂബ് വീഡിയോയില്‍ പറഞ്ഞിട്ടുണ്ടെന്നും ആർ ശ്രീലേഖ പറഞ്ഞു.
കേസിൽ ശ്രീലേഖയുടെ മൊഴിയെടുക്കും. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശ്രീലേഖയുടെ വെളിപ്പെടുത്തൽ കോടതിയലക്ഷ്യമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിനെ ശിക്ഷിക്കാൻ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളിൽ പലതും അന്വേഷണ ഉദ്യോഗസ്ഥർ തോന്നിയതുപൊലെ എഴുതി ചേർത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.
”പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണ്. തെളിവിന് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞത്”- ശ്രീലേഖ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ.
സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു” എന്നും ശ്രീലേഖ പറയുന്നു. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചത് പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവർ ലൊക്കേഷൻ എന്നതും തെളിവായി കാണാൻ ആകില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.
ജയിലിൽ നിന്ന് പൾസർ സുനി എഴുതിയതെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരനെന്ന് അവര്‍ പറയുന്നു. കേസില്‍ പല തിരിമറികളും നടന്നതായി താന്‍ സംശയിക്കുന്നുണ്ടെന്നും ശ്രീലേഖ വീഡിയോയില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് തനിക്ക് പപെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ പറയേണ്ട സ്ഥലങ്ങളില്‍ താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും ശ്രീലേഖ പറയുന്നു.