EntertainmentKeralaNews

മലയാള സിനിമകളുടെ റിലീസ്‌ ബഹിഷ്‌കരിച്ച് പി വി ആര്‍; വിഷുച്ചിത്രങ്ങള്‍ പ്രതിസന്ധിയില്‍

കൊച്ചി:ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും പുതിയ മലയാള ചിത്രങ്ങളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പി വിആര്‍. ഇതോടെ, ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്‍പ്പെടെയുള്ള വിഷുച്ചിത്രങ്ങള്‍ പ്രതിസന്ധിയിലായി. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സിനിമകള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും വിധം മാസ്റ്ററിങ് ചെയ്ത് എത്തിച്ചിരുന്നത് യു എഫ് ഒ, ക്യൂബ് പോലെയുള്ള കമ്പനികളായിരുന്നു. ഇത്തരം സേവനദാതാക്കള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് തുടങ്ങി.

1500 ഓളം വരുന്ന സ്‌ക്രീനുകളില്‍ ഇന്ന് റിലീസ് ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിയ്ക്കാതെ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് പി വി ആര്‍ഒരു സ്‌ക്രീനില്‍ സിനിമ എത്തിക്കാന്‍ മറ്റ് കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുമ്പോള്‍ വെറും 5500 രൂപക്ക് അണ്‍ലിമിറ്റഡ് കണ്ടന്റ് എന്നതായിരുന്നു പ്രത്യേകത. കേരളത്തില്‍ പുതിയതായി പ്രവര്‍ത്തനം തുടങ്ങുന്ന തീയറ്ററുകള്‍ തങ്ങളുടെ ഡിജിറ്റല്‍ കണ്ടന്റ് എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കൊച്ചി ഫോറം മാളില്‍ പ്രവര്‍ത്തനം തുടങ്ങിയ പി വി ആര്‍ പക്ഷേ ഇതിന് തയാറായില്ല. ഇതോടെ സ്ഥിതി വഷളായി. മറ്റ് കമ്പനികളുമായി നേരത്തെ തന്നെ കരാറില്‍ ഏര്‍പ്പെട്ടതാണെന്നും അതില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ലെന്നുമാണ് പി വി ആര്‍ നല്‍കുന്ന വിശദീകരണം.

കൊച്ചിയില്‍ നിര്‍മ്മാതാക്കളുടെ സംഘടനയും പി വി ആര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതോടെ ഇന്ത്യയിലെ 1500 ഓളം വരുന്ന സ്‌ക്രീനുകളില്‍ മലയാളം സിനിമകളുടെ ബുക്കിങ് തുടങ്ങാതെ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് പി വി ആര്‍.

പി.വി.ആര്‍ ഐനോക്സ് ഒമ്പത് സ്‌ക്രീനുകള്‍ അടങ്ങിയ പുതിയ മള്‍ട്ടിപ്‌ളെക്‌സ് കൊച്ചിയില്‍ തുറന്നിരുന്നു. കേരളത്തില്‍ ആദ്യമായി പി(എക്‌സ്.എല്‍) ഫോര്‍മാറ്റില്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്‌ക്രീനും കൊച്ചിയിലെ ഏറ്റവും വലിയ സ്‌ക്രീനും ഉള്‍പ്പെടെയുള്ള പുതിയ തിയേറ്റര്‍ സമുച്ചയം കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ആഡംബരപൂര്‍ണവും സുഖസമൃദ്ധമായ ദൃശ്യാനുഭവം കാഴ്ചവെയ്ക്കുന്ന രണ്ട് ലക്‌സ് (LUXE) സ്‌ക്രീനുകളും ഇതിലുള്‍പ്പെടുന്നു. മൊത്തം 1,489 അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മള്‍ട്ടിപ്ലക്സാണിത്.

പുത്തന്‍ സൗകര്യങ്ങള്‍ ഇങ്ങനെ

പി.വി.ആറിന്റെ ഏറ്റവും വലിയ സ്‌ക്രീനില്‍ സിനിമ കാണാന്‍ കഴിയുന്ന ഫോര്‍മാറ്റാണ് പി(എക്‌സ്.എല്‍). 4കെ ലേസര്‍ പ്രൊജക്ടറും ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിന്യാസവും കൂടിച്ചേരുന്നതോടെ ഏറ്റവും മികച്ച കാഴ്ചാനുഭവമായിരിക്കും പി(എക്‌സ്.എല്‍) സിനിമാപ്രേമികള്‍ക്ക് സമ്മാനിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു.

കൂടാതെ റിയല്‍ 3ഡി സംവിധാനവും ദൃശ്യാനുഭവത്തിന് മാറ്റേകുന്നു. മറ്റെവിടെയും കിട്ടാത്തത്രയും സൗകര്യങ്ങളോടെ സിനിമകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ലക്‌സ് സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്നും ഈ സ്‌ക്രീനുകള്‍ക്കായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കിച്ചനും സജ്ജമായിരിക്കുമെന്നും കമ്പനി അറിയിച്ചു. വിവിധതരം ഭക്ഷണങ്ങള്‍ പാകം ചെയ്ത് സീറ്റുകളില്‍ എത്തിച്ചുനല്‍കും.

പി.വി.ആര്‍ ഐനോക്സിലെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച സിനിമാനുഭവമായിരിക്കണം കിട്ടേണ്ടത് എന്ന ലക്ഷ്യത്തോടുകൂടിയാണ് പി(എക്‌സ്.എല്‍) ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നതെന്ന് പി.വി.ആര്‍ ഐ നോക്‌സ് മാനേജിംഗ് ഡയറക്ടര്‍ അജയ് ബിജ്ലി പറഞ്ഞു. ലേസര്‍ പ്രൊജക്ഷന്‍ ഉള്‍പ്പെടെ കൊച്ചിയിലെ ഏറ്റവും വലിയ സ്‌ക്രീന്‍ ഒരുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫോറം മാളിലും പി.വി.ആര്‍ എത്തിയതോടെ കൊച്ചിയില്‍ മൂന്നിടങ്ങളിലായി പി.വി.ആര്‍ ഐനോക്സ് സ്‌ക്രീനുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു. കേരളത്തിലാകെ ആറിടങ്ങളിലായി 42 സ്‌ക്രീനുകളാണുള്ളത്. ദക്ഷിണേന്ത്യയില്‍ 99 ഇടങ്ങളിലായി കമ്പനിയുടെ 558 സ്‌ക്രീനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker