സമര്‍ഖണ്ഡ് (ഉസ്‌ബെക്കിസ്ഥാൻ): യുക്രെയ്നിലെ യുദ്ധം ഒൻപത് മാസം പിന്നിടുമ്പോൾ, സംഘർഷം അവസാനിക്കാൻ ആഗ്രഹിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലായിരുന്നു പുട്ടിൻ ഇക്കാര്യം അറിയിച്ചത്.
യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടും ആശങ്കകളും തനിക്കറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും അവിടെ എന്താണ് നടക്കുന്നതെന്ന് അറിയിക്കുമെന്നും പുട്ടിൻ പറഞ്ഞു. ‘ഇത് യുദ്ധത്തിനുള്ള സമയമല്ല. ഇതിനെക്കുറിച്ച് ഫോണിലൂടെ താങ്കളോടു സംസാരിച്ചിട്ടുണ്ട്. സമാധാനത്തിന്റെ പാതയിൽ എങ്ങനെ മുന്നോട്ടു പോകാമെന്നുള്ള ചർച്ചയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ പതിറ്റാണ്ടുകളായി ഇന്ത്യയും റഷ്യയും ഒന്നിച്ചു നിൽക്കുന്നു.’– പുട്ടിൻ പറഞ്ഞു.
ശനിയാഴ്ച പിറന്നാൾ ആഘോഷിക്കുന്ന മോദിക്ക് പിറന്നാൾ ആശംസകൾ നേരാനും പുട്ടിൻ മറന്നില്ല. യുക്രെയ്ൻ വിഷയത്തിനു പുറമെ, പ്രാദേശിക–ആഗോള വിഷയങ്ങൾ ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.