KeralaNews

ഇടതുസ്ഥാനാര്‍ത്ഥിയായി ജെയ്ക്കിന്‌ മുന്‍തൂക്കം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റമില്ല; വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: കോട്ടയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. സെപ്റ്റംബർ അഞ്ചിനുതന്നെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കും. ഈ മാസം പതിനേഴുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പ് തീയറ്റി മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയത്.

സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ് നടക്കുക. പതിനെട്ടിനാണ് സൂക്ഷമ പരിശോധന നടക്കുക. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21 ആണ്. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഹരിതമാർഗരേഖ പാലിച്ചുള്ള ബൂത്തുകളും ഒരുക്കുമെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ അറിയിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പതിനേഴുവരെ വോട്ടർ പട്ടികയിൽ പേരുവിവരങ്ങൾ ചേർക്കാം. മണർകാട് പള്ളിത്തിരുന്നാൾ പ്രമാണിച്ച് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുകയും ചെയ്തു. വോട്ടെണ്ണൽ തീയതിയായ സെപ്റ്റംബർ എട്ടിനാണ് മണർകാട് പള്ളിയിലെ പ്രധാന തിരുന്നാൾ ദിവസം.

വിവിധ ആഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് സിപിഎം നേതാവും മന്ത്രിയുമായ മന്ത്രി വിൻ എൻ വാസവൻ വ്യക്തമാക്കിയിയിരുന്നു. തെരഞ്ഞെടുപ്പ് തീയതി നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മൻ പ്രചാരണം ആരംഭിച്ചപ്പോൾ ഇടതുമുന്നണി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നാളെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയെങ്കിലും ആരാകും സ്ഥാനാർഥിയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

ജെയ്ക് സി.തോമസിൻ്റെ പേര് തന്നെയാണ് നിലവിൽ ആദ്യ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്ഥാനാർഥി പ്രഖ്യാപനം.

ഇന്നു മുതൽ നാലുദിവസം ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ പുതുപ്പള്ളിയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് പുറമെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും. നാളെ പുതുപ്പള്ളിയിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിനാൽ സെക്രട്ടറിയറ്റ് യോഗം ഇന്നു തന്നെ തീർക്കാൻ തീരുമാനിച്ചിട്ടുണ്ട്. മിത്ത് വിവാദവും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവും സെക്രട്ടേറിയറ്റിൽ ചർച്ചയായേക്കും. വിവാദങ്ങൾ മറികടക്കുന്നതിനുള്ള തന്ത്രങ്ങൾക്കും നേതൃയോഗങ്ങൾ രൂപം നൽകും.

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ‘കണ്ണൂര്‍ വികസന’ പരാമര്‍ശങ്ങളോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി കെകെ രാഗേഷ് രംഗത്തെത്തി. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കണ്ണൂരിലെ വികസനം അല്ല, പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കെകെ രാഗേഷ് പറഞ്ഞു. ‘വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല.

ഇവിടെ കണ്ണൂരിനെതിരെ ഒരു വെല്ലുവിളി ഉണ്ടായിരിക്കുന്നു. ഒരു ആവശ്യവും ഇല്ലാത്ത വെല്ലുവിളിയാണ് അത്.’ അത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും കണ്ണൂര്‍ സന്ദര്‍ശിക്കാത്തത് കൊണ്ടാകണം അദ്ദേഹത്തിന് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസിലായിട്ടുണ്ടാവില്ലെന്നും കെകെ രാഗേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button