24.6 C
Kottayam
Tuesday, May 14, 2024

പഞ്ചാബ് നാഷണല്‍ബാങ്ക് തട്ടിപ്പ്‌: സ്വകാര്യ അക്കൗണ്ടുകളിൽനിന്നും പണം നഷ്ടപ്പെട്ടു; ക്രൈംബ്രാഞ്ച് അന്വേഷിക്കും

Must read

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് കോർപ്പറേഷന്റെ തുകയ്ക്ക് പുറമേ സ്വകാര്യ അക്കൗണ്ടുകളിൽനിന്നുള്ള പണംകൂടി തിരിമറി നടത്തി. നിലവിൽ ഒരു അക്കൗണ്ടിൽനിന്ന് 18 ലക്ഷം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽപേരുടെ പണംപോയിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസ്സിലായിട്ടുള്ളത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസി.കമ്മിഷണർ ടി.എ. ആന്റണിക്കാണ് അന്വേഷണച്ചുമതല.

അതേസമയം, സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ലിങ്ക് റോഡിലെ പി.എൻ.ബി.യിലെ മുൻ സീനിയർ മാനേജർ എം.പി. റിജിൽ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇത് ശനിയാഴ്ച പരിഗണിക്കും. റിജിൽ കസ്റ്റഡിയിലുണ്ടെന്നാണ് സൂചനയെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തട്ടിപ്പിലൂടെ കരസ്ഥമാക്കിയ പണമുപയോഗിച്ചത് ഓൺലൈൻ റമ്മിപോലുള്ള ഗെയിമുകൾക്കും ഓഹരിവിപണിയിലുമാണ്. എട്ടുകോടിയോളം ഇത്തരത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. റിജിലിന്റെ രണ്ട് അക്കൗണ്ടുകളിൽ കാര്യമായ പണമൊന്നും ഇല്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. 15 കോടിക്ക് മുകളിലെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നാണ് അന്വേഷണം നടത്തുന്നവരുടെ നിഗമനം.

ബാങ്കിൽനിന്ന് പല ഘട്ടങ്ങളിലായാണ് റിജിൽ പണം പിൻവലിച്ചത്. 2019 മുതൽ ഈ വർഷം ജൂൺവരെ ലിങ്ക് റോഡ് ശാഖയിൽ റിജിൽ ജോലിചെയ്തിരുന്നു. പിന്നീടാണ് എരഞ്ഞിപ്പാലത്തേക്ക് പോയത്. അവിടെനിന്നാണ് ഒക്ടോബർ, നവംബർ മാസങ്ങളിൽ ലിങ്ക്റോഡ് ശാഖയിലെ പണം തിരിമറി നടത്തിയത്.

മാനേജരുടെ അധികാരം ദുരുപയോഗംചെയ്ത് 20 ലക്ഷം വീതം പലപ്പോഴായി പിൻവലിച്ചെന്നാണ് കരുതുന്നത്. തട്ടിപ്പ് മനസ്സിലാകാതിരിക്കാൻ രേഖകളിലുൾപ്പെടെ ക്രമക്കേട് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റാർക്കെങ്കിലും തട്ടിപ്പിൽ പങ്കുണ്ടോയെന്നുള്ള കാര്യം വ്യക്തമായിട്ടില്ല.

ബാങ്ക് അക്കൗണ്ടിൽനിന്ന് പിൻവലിച്ച തുക ആദ്യം അച്ഛന്റെ അക്കൗണ്ടിലേക്കും പിന്നീട് മറ്റൊരു അക്കൗണ്ടിലേക്കും മാറ്റി. അച്ഛന്റെ അക്കൗണ്ടിലേക്ക് പണം എവിടെനിന്ന് വന്നെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. കോർപ്പറേഷൻ അക്കൗണ്ടിലെ പണം പിൻവലിച്ചതിലും ഏത് അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് വ്യക്തമല്ലാത്തരീതിയിലാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റ്. ട്രാൻസ്ഫർ എന്നുമാത്രമാണ് സ്റ്റേറ്റ്‌മെന്റുകളിൽ ഉള്ളത്. ബാങ്കിന്റെ ഓഡിറ്റിങ് പൂർത്തിയായിട്ടില്ല. ചെന്നൈയിൽനിന്നുള്ള പ്രത്യേക സംഘമാണ് ഓഡിറ്റിങ് നടത്തുന്നത്. ഇതുകഴിഞ്ഞാൽ മാത്രമേ എത്ര തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമാകൂ.

ടൗൺ പോലീസ് അന്വേഷിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെങ്കിലും സി. ബി.ഐ. ഏറ്റെടുക്കാനും സാധ്യതയുണ്ട്. ബാങ്കിൽ മൂന്നുകോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നാൽ അത് സി.ബി.ഐ. യെ അറിയിക്കണമെന്നാണ് ചട്ടം. അങ്ങനെയെങ്കിൽ ബാങ്കിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നതോടെ തുടർനടപടിയുണ്ടാകും.

പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടുകളിൽനിന്ന് കോടികൾ നഷ്ടപ്പെട്ടപ്പോഴും കോർപ്പറേഷൻ അതറിഞ്ഞത് മാസങ്ങൾക്കുശേഷം. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിൽ കുടുംബശ്രീയുടേതുൾപ്പെടെ കോർപ്പറേഷന് 15 അക്കൗണ്ടുകളാണുള്ളത്. ഇതിൽ ഏഴ് അക്കൗണ്ടുകളിൽനിന്നാണ് 15.24 കോടി നഷ്ടപ്പെട്ടത്. കുടുംബശ്രീ അക്കൗണ്ടിൽനിന്ന് 10.81 കോടി പോയത് മേയ്, ജൂൺ മാസങ്ങളിലാണ്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയ്ക്കൊപ്പം കോർപ്പറേഷൻ ധനകാര്യവിഭാഗത്തിന്റെ പോരായ്മകളിലേക്കും വിരൽചൂണ്ടുന്നതാണ് ഭീമമായ ഈ ധനനഷ്ടം.

ഒക്ടോബർ, നവംബർ മാസങ്ങളിലെ തട്ടിപ്പ് കോർപ്പറേഷൻ അറിഞ്ഞപ്പോൾ ബാങ്കിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് എല്ലാ തട്ടിപ്പുകളും വെളിച്ചത്തായത്. സപ്ലിമെന്ററി ന്യൂട്രീഷ്യൻ, കുടുംബശ്രീ, ഖലമാലിന്യസംസ്കരണം, എം.പി.എം.എൽ.എ. ഫണ്ട്, അമൃത് ഓഫീസ് മോഡണൈസേഷൻ ഹെഡ് അക്കൗണ്ട് എന്നിവയിൽനിന്നെല്ലാമായാണ് പണം നഷ്ടപ്പെട്ടത്. ഇതിൽ നാലരക്കോടിയോളംമാത്രമാണ് ഒക്ടോബറിലും നവംബറിലുമായി നഷ്ടമായത്. കുടുംബശ്രീയുടെ രണ്ടുതരത്തിലുള്ള ഫണ്ടാണ് മേയ്, ജൂൺ മാസങ്ങളിൽ പോയത്. 8,49,24,16 രൂപയും 2,31,31,489 രൂപയുമാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week