മാനന്തവാടി: പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. വന്യജീവി ആക്രണങ്ങളിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെയാണ് പുൽപ്പള്ളിയിൽ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസുകൾ പിൻവലിക്കണമെന്ന് ബിഷപ്പ് മാർ ജോസ് പെരുന്നേടം പറഞ്ഞു. മാനന്തവാടി ബിഷപ്പ് ഹൗസിൽ ഗവർണർക്കൊപ്പംനടന്ന പരിപാടിക്കിടെയാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.
യുവതി യുവാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ പലരും വിദേശത്ത് പോകാൻ നിൽക്കുന്നവരാണെന്നും കേസ് അവരുടെ ഭാവിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസെടുത്താൽ ഇപ്പോൾ വയനാട് നേരിടുന്ന പ്രശ്നം മാറുമോയെന്നും ബിഷപ്പ് ചോദിച്ചു.
സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഇടപെടലുകൾക്ക് വേഗം പോരെന്നും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമായി ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ഗവർണറോടും ബിഷപ്പ് പരാതി അറിയിച്ചു.
ഇതിനിടെ പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിന് കാരണം ‘ളോഹയിട്ട’ ചിലരാണെന്ന ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിന്റെ പരാമർശത്തിനും ബിഷപ്പ് മറുപടി നൽകി. അവരുടെ നിലപാട് അവര്‍ക്കെടുക്കാമെന്നും സഭയ്ക്ക് സഭയുടെ നിലപാടുണ്ടെന്നും പ്രാദേശിക നേതാവിന്റെ വാക്കിന് ആ വിലയെ നല്‍കുന്നുള്ളുവെന്നും ബിഷപ്പ് പ്രതികരിച്ചു.
പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ ഇന്നലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുൽപ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തിൽ നാല് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസെടുത്തിരുന്നു.