27.8 C
Kottayam
Tuesday, May 28, 2024

ഗ്യാൻവാപി മസ്ജിദിൽ പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

Must read

വാരാണസി: ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ വാരാണസി ജില്ലാക്കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചു. നിലവറയിലെ പൂജ 1993-ൽ തടഞ്ഞ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പൂജ അനുവദിച്ചതിനെ ചോദ്യംചെയ്തുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയില്‍ നടത്തുന്ന പൂജ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി ജനുവരി അവസാനത്തോടെ അനുമതി നല്‍കിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.

1993 വരെ നിലവറകളില്‍ പൂജ നടത്തിയിരുന്നു എന്ന ഹൈന്ദവ വിഭാഗങ്ങളുടെ വാദം വാരണാസി ജില്ലാ കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, നിലവറ ഉള്‍പ്പടെ മസ്ജിദിന്റെ എല്ലാ ഭാഗങ്ങളും തങ്ങളുടെ അവകാശത്തില്‍പ്പെട്ടതാണെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. കഴിഞ്ഞ 30 വര്‍ഷമായി പൂജ നടക്കാത്ത സ്ഥലത്ത് പൂജ നടത്താന്‍ അനുമതി നല്‍കരുതെന്നും മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week