കൊച്ചി :പി.ടി.തോമസിനെ കേരളം ഒരു രാജാവിനെ പോലെ യാത്രയാക്കിയെന്ന് പത്നി ഉമ. ഇടുക്കിയുടെ സൂര്യനായിരുന്നു പി.ടിയെന്ന വാക്കുകൾ കേട്ട് കരഞ്ഞുപോയെന്നും കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഉമയും മക്കളും പറഞ്ഞു.
മൃതദേഹവുമായി കേരള അതിർത്തിയിൽ എത്തിയപ്പോൾ ആ കൊടും മഞ്ഞിൽ തലപ്പാവും കെട്ടി കാത്തു നിന്നവരെ കണ്ടപ്പോൾ സാധാരണക്കാരാണ് ശരിക്കും പി.ടിയെ നെഞ്ചിലേറ്റിയത് എന്നു വ്യക്തമായി. പൊതുവഴിയിൽ മണിക്കൂറുകളോളം പി.ടിക്ക് വേണ്ടി കാത്തുനിന്ന സാധാരണക്കാരുടെ മനസ്സിന് നന്ദി പറയുന്നു. സമയവും കാലവും ഒന്നും നോക്കാതെ വെളുപ്പിനെ മൂന്നു മണിക്ക് മഞ്ഞത്തു കേരള അതിർത്തിയിൽ വന്നു നിന്നവർ, അവരുടെ കണ്ണിൽ നിന്നല്ല നെഞ്ചിൽ നിന്നാണ് കണ്ണീരൊഴുകിയതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
ഇടുക്കിയിൽ വിളിച്ച മുദ്രാവാക്യങ്ങൾ മനസ്സിൽ തറഞ്ഞു നിൽക്കുന്നതാണ്. ജന്മനാട് പി.ടിയെ സ്നേഹിക്കുന്നുവെന്നതും അംഗീകരിക്കുന്നുവെന്നതും വലിയ കാര്യമാണ്. പി.ടിയെ കാണാനെത്തിയ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതാക്കൾക്കും, മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും നന്ദി. ഏറ്റക്കുറച്ചിലില്ലാതെ എല്ലാവർക്കും പി.ടിയെ കാണാൻ അവസരമൊരുക്കിയ കെപിസിസിക്കും ഇടുക്കി, എറണാകുളം ഡിസിസികൾക്കും ഒപ്പം തന്നെയുണ്ടായിരുന്ന ഉമ്മൻ ചാണ്ടി സാറിനും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും നന്ദി.
പി.ടിയുടെ ചികിത്സയുടെ ഓരോ ഘട്ടവും ഏകോപിപ്പിച്ചതും സാമ്പത്തിക കാര്യങ്ങളും വിദേശത്തുനിന്ന് മരുന്നെത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും വെല്ലൂരിൽ ചെയ്തത് രമേശ് ചെന്നിത്തലയും കെ.സി.ജോസഫുമാണ്. സ്പീക്കർ എം.ബി.രാജേഷും വെല്ലൂരിലെത്തി.
എ.കെ.ആന്റണി ദിവസവും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പി.ടിയുടെ സുഹൃത്ത് കൂടിയായ ഡോ. എസ്.എസ്.ലാൽ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗം, പി.ടിയുടെ സുഹൃത്തുക്കളായ വിദേശ രാജ്യങ്ങളിലുൾപ്പെടെയുള്ള ഡോക്ടർമാർ, പി.ടിയ്ക്കു വേണ്ടി ഉള്ളുരുകി പ്രാർഥിച്ചവർ, മാധ്യമ പ്രവർത്തകർ എല്ലാവർക്കും കണ്ണീരോടെ നന്ദി– ഉമ പറഞ്ഞു.