33.4 C
Kottayam
Tuesday, May 7, 2024

വിടപറഞ്ഞ് പി.ടി.; ആയിരങ്ങളുടെ കണ്ണീര്‍ പ്രണാമം

Must read

കൊച്ചി: അന്തരിച്ച പി.ടി തോമസ് എം.എൽ.എയ്ക്ക് രാഷ്ട്രീയ കേരളത്തിൻറെ അന്ത്യാഞ്ജലി. പി.ടിയുടെ ആഗ്രഹപ്രകാരം രവിപുരം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ. ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന് യാത്രാമൊഴിയേകാൻ തൃക്കാക്കരയിൽ എത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകൾ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിൻറെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര.

തൃക്കാക്കരയിൽ റോഡിന്റെ ഇരുവശവും വികാര നിർഭരരായി നിൽക്കുന്ന പ്രവർത്തകർക്കിടയിൽ കൂടിയായിരുന്നു വിലാപ യാത്ര കടന്നു പോയത്. സംസ്കാര ചടങ്ങുകൾ വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെന്നായിരുന്നു നേതാക്കൾ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ ആളുകൾ കൂടിയതോടെ സംസ്കാര ചടങ്ങുകൾ അൽപ്പം വൈകുകയായിരുന്നു.

പോലീസിന്റെ ഗാർഡ് ഓഫ് ഓണറോടെ പൂർണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. അതിന് ശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ മറ്റു ചടങ്ങുകളും നടന്നു. റീത്തുകൾ വെക്കരുത്, പൊതുദർശനത്തിനു വെക്കുമ്പോൾ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം…’ എന്ന ഗാനം പശ്ചാത്തലത്തിൽ വേണം, രവിപുരം പൊതുശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മത്തിൽ ഒരുഭാഗം അമ്മയുടെ കല്ലറയിൽ സമർപ്പിക്കണം, കണ്ണുകൾ ദാനം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം നേരത്തെ തന്നെ തന്റെ അന്ത്യാഭിലാഷമായി അറിയിച്ചിരുന്നു. ചന്ദ്രകളഭം പാട്ടിന്റെ അകമ്പടിയോടെയായിരുന്നു മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം. ബി. രാജേഷ് മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവരും പി.ടിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

ആയിരങ്ങളാണ് പി.ടിയെ അവസാനമായൊന്ന് കാണാൻ രവിപുരം ശ്മശാനത്തിവും പരിസരത്തും തടിച്ചുകൂടിയത്. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസും വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഇന്നലെ മുതൽ തന്നെ കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. പുലർച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു എറണാകുളത്ത് എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week