പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് : കഴിഞ്ഞ മൂന്നുവർഷത്തെ മുഴുവൻ റാങ്ക് ലിസ്റ്റുകളും നിയമനങ്ങളും പരിശോധിയ്ക്കുന്നു
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ കഴിഞ്ഞ മൂന്നുവർഷത്തെ മുഴുവൻ റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും പൂർണ വിവരങ്ങൾ വേണമെന്ന് ക്രൈംബ്രാഞ്ച്. മറ്റ് പരീക്ഷകളിലും സമാന തട്ടിപ്പ് നടന്നോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‍സി സെക്രട്ടറിക്ക് കത്തയച്ചു.
പരീക്ഷാ തട്ടിപ്പിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. നടപടി വിവരങ്ങൾ പ്രോസിക്യൂഷൻ ഹൈക്കോടതിയേയും അറിയിക്കും.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയ പരീക്ഷകളുടെയും റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും വിശദാംശങ്ങൾ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ സംശായാസ്പദമായ രീതിയിലുള്ള ആരെങ്കിലും കടന്ന് കൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ള മറ്റാരെങ്കിലും റാങ്ക് പട്ടികയിൽ കയറിയിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നാലാംപ്രതി ഫയർമാൻ തസ്തികയിലെ റാങ്ക് പട്ടികയിൽ വിന്നിരുന്നുവെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പ് ഇതാദ്യമായിരിക്കില്ല എന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് മുന്നോട്ട് പോകുന്നത്.
ഉത്തരക്കടലാസ് മുൻകൂട്ടി ചേർന്നിരുന്നോ എന്ന കാര്യത്തിൽ കൂടി വ്യക്തത വരാനുണ്ട്. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് കഴിഞ്ഞ മൂന്ന് വർഷത്തെ റാങ്ക് ലിസ്റ്റുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.