കോതമംഗലം∙ നേര്യമംഗലം കാഞ്ഞിരവേലിയിൽ നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണൻ്റെ(72) മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധം. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ‘പൊലീസ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങി. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി ഇന്ദിരയുടെ പോസ്റ്റ്മോർട്ടമെന്ന് കുടുംബവും അറിയിച്ചു. ബലം പ്രയോഗിച്ചാണ് മോർച്ചറിയിൽനിന്ന് മൃതദേഹം പ്രതിഷേധത്തിനായി കൊണ്ടുപോയതെന്നാണ് വിവരം.
പൊലീസും നേതാക്കളുമായി വാക്കുതർക്കമുണ്ടായി. ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് നേതാക്കളോട് പറഞ്ഞു. ഇതേത്തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഡിവൈഎസ്പിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പിടിച്ചു തള്ളി. നടുറോഡിൽ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കു പറയേണ്ടി വരുമെന്ന് ഡീൻ കുര്യാക്കോസ് കയർത്തു. മന്ത്രിമാർ സ്ഥലത്തെത്തിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നും നേതാക്കൾ അറിയിച്ചു.
ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇന്ദിര രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിനായി സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. മാർച്ച് 9-ന് രാവിലെയാണ് യോഗം ചേരുക. പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത് ഉൾപ്പെടെ പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സർവ്വകക്ഷി യോഗത്തിൽ ചർച്ച ചെയ്യുന്നതാണ്. യോഗം വിളിച്ചു ചേർക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് വനംമന്ത്രി നിർദ്ദേശം നൽകി.