തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ചക്രസ്തംഭന സമരം ഇന്ന്. ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. ഗതാഗത കുരുക്കുണ്ടാക്കില്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെയാണ് തലസ്ഥാന ജില്ലയിലെ പ്രതിഷേധം.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (ഡിസിസി) നേതൃത്വത്തിലായിരിക്കും സമരം സംഘടിപ്പിക്കുക.
കൊച്ചിയില്‍ ഇന്ധനവില വര്‍ധനവിനെതിരെ വഴി തടഞ്ഞുള്ള സമരവും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റേയും വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായി ഒഴിവാക്കിയുള്ള സമരമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വഴി തടഞ്ഞുള്ള സമരത്തില്‍ വിഡി സതീശന്‍ അടക്കമുള്ളവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
സമരത്തെ തുടർന്ന് ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചിട്ടുണ്ട്. പ്രതിവർഷം 2000 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വർധനവിലൂടെ സർക്കാർ വാങ്ങിയത്. നാളിതുവരെ 18,000 കോടി രൂപ ഇന്ധനത്തിന്റെ നികുതി വരുമാനമായി സർക്കാരിന് കിട്ടിയിട്ടുണ്ട്. ധനമന്ത്രിയുടെ വൈദഗ്ധ്യമോ തത്വശാസ്ത്രമോ അല്ല ജനങ്ങൾക്ക് ആവശ്യം. പ്രായോഗിതതലത്തിൽ ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ഇടതുസർക്കാരിന് താൽപ്പര്യമുണ്ടോ ഇല്ലയോ എന്നതാണെന്ന് കെ സുധാകരൻ പറഞ്ഞു.
അതേസമയം കേന്ദ്രത്തിന്റെ ആഹ്വാനമനുസരിച്ച് നികുതികുറച്ചത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും ബിജെപിയുടെ മുഖം രക്ഷിക്കാനാണിതെന്നും എന്ന പക്ഷമാണ് എൽഡിഎഫ് സർക്കാരിന്. കേന്ദ്രം സെസ് കുറച്ചതിന് ആനുപാതികമായി കേരളത്തിലും നികുതി കുറച്ചു. കേന്ദ്രം ഇനിയും കുറച്ചാൽ കേരളത്തിലും ആനുപാതികമായി കുറയും. അതിനാൽ ഇനിയും നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി കെ എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.