KeralaNews

ഗ്രാമീൺ ബാങ്കിനെതിരെ വൻ പ്രതിഷേധം, മൂന്നുപേരുടെ ഇ.എം.ഐ തുക തിരികെനൽകി

കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച നടപടി തിരുത്തുമെന്ന് കേരള ഗ്രാമീണ്‍ബാങ്ക്. ഇഎംഐ തുക ഈടാക്കിയ മൂന്ന് പേരുടെ അക്കൗണ്ടിലേക്ക് പണം തിരികെ അയച്ചിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു. ബാങ്കിന്റ നടപടിക്കെതിരേ യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെയാണ് നടപടി. ബാങ്കിന്‍റെ കല്പറ്റ റീജിയണല്‍ ഓഫീസ് യുവജന രാഷ്ട്രീയ സംഘടനകള്‍ ഉപരോധിച്ചിരുന്നു.

അതിനിടെ, ദുരിതബാധിതപ്രദേശങ്ങളിലെ തോട്ടംതൊഴിലാളികള്‍ ഉള്‍പ്പടെ കൂടുതല്‍ പേരില്‍നിന്ന് പണം പിടിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. എന്നാല്‍, മൂന്ന് പേരുടെ ഇഎംഐ മാത്രം തിരിച്ചുനല്‍കി ആളുകളെ കബളിപ്പിക്കുകയാണെന്ന് പ്രതിഷേധം നടത്തുന്ന യുവജന സംഘടനകള്‍ ആരോപിച്ചു.

ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍സഹായമായ പതിനായിരം രൂപ കഴിഞ്ഞദിവസം അക്കൗണ്ടിലെത്തിയ ഉടനെയാണ് തുക ബാങ്ക് പിടിച്ചത്. ബാങ്ക് വായ്പകള്‍ ഉടനെ തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും സര്‍ക്കാരിന്റെയും ഉറപ്പ് നിലനില്‍ക്കെയാണ് തുക തിരിച്ചുപിടിച്ചത്.

ദുരിതബാധിതര്‍ക്ക് സര്‍ക്കാരില്‍നിന്ന് സഹായധനമായി നല്‍കിയ 10,000 രൂപയില്‍നിന്ന് പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കിയിരുന്നു. ഉരുള്‍പൊട്ടല്‍ നടന്ന ജൂലായ് 30-നുശേഷം പിടിച്ചെടുത്ത എല്ലാ ഇ.എം.ഐ.യും തിരികെ നല്‍കണമെന്നാണ് ഉത്തരവ്.

ദുരിതബാധിതര്‍ക്ക് അനുവദിച്ച തുകയില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ഇ.എം.ഐ.യോ മറ്റ് അടവുകളോ പിടിക്കാന്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. വിഷയം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയത്.

കോഴിക്കോട് വിലങ്ങാടും ഉരുള്‍പ്പൊട്ടലിലെ ദുരിത ബാധിതന്റെ പണം ഗ്രാമീണ്‍ ബാങ്ക് വായ്പാ തിരിച്ചടവായി പിടിച്ചിരുന്നു. വിവാദമായ സാഹചര്യത്തിൽ ഈ തുക തിരിച്ചുനല്‍കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

ഉപജീവനമാര്‍ഗമായ കട തകര്‍ന്ന സിജോ തോമസിന്റെ അക്കൗണ്ടില്‍നിന്നാണ് 15000 രൂപ ബാങ്ക് അധികൃതര്‍ ഇഎംഐ ആയി ഡെബിറ്റ് ചെയ്തത്. കട തകര്‍ന്ന സിജോയ്ക്ക് കട നിര്‍മിക്കാന്‍ ഒരു സ്വകാര്യ വ്യക്തി നല്‍കിയ പണത്തില്‍ നിന്നാണ് ഇഎംഐ ഡെബിറ്റ് ചെയ്തത്. 14-ന് രാവിലെ അക്കൗണ്ടില്‍ വന്ന പണത്തില്‍നിന്ന് അതേദിവസം വൈകീട്ടാണ് ഇഎംഐ ഡെബിറ്റ് ചെയ്തത്. സംഭവത്തിൽ സിജോ പരാതി നല്‍കിയിരുന്നു. ഈ പണം തിരികെ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ സിജോയെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker