KeralaNews

മകളുടെ ചിത്രം ഉപയോഗിച്ച് രോഗിയെന്ന് പ്രചരണം; 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

മലപ്പുറം: സാമൂഹിക മാധ്യമങ്ങള്‍ (Social media) വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട് ബൈജു (42), ഭാര്യ റാഷിദ (38) എന്നിവരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങല്ലൂര്‍ സ്വദേശിയില്‍ നിന്നും പലതവണയായി 11 ലക്ഷം രൂപയാണ് ദമ്പതികള്‍ തട്ടിയെടുത്തത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. രണ്ടാമത്തെ മകളുടെ ഫോട്ടോ സാമൂഹിക മാധ്യമത്തിലിട്ടാണ് പരാതിക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. തങ്ങളുടെ ഇല്ലായ്മകളെല്ലാം അവതരിപ്പിച്ചപ്പോള്‍ വിവിധ ഘട്ടങ്ങളിലായി പണം അയച്ച് കൊടുക്കുകയായിരുന്നു.

സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ

ഒരു വര്‍ഷത്തോളമായി തട്ടിപ്പ് തുടങ്ങിയിട്ട്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാണ് തുടക്കം. അനാഥയാണെന്നും ക്യാന്‍സര്‍ രോഗിയാണെന്നും പറഞ്ഞുള്ള ഈ പോസ്റ്റ് കണ്ട് സഹതാപം തോന്നിയാണ് അരീക്കോട് സ്വദേശി പെണ്‍കുട്ടിയുമായി അടുക്കുന്നത്. തന്റെ മകളുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കില്‍ തുടങ്ങിയ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് റഷീദ തന്നെ ആയിരുന്നു.ക്യാന്‍സര്‍ ബാധിതയാണെന്നും ഉപ്പ ഉപേക്ഷിച്ച് പോയി എന്നും ഉമ്മ മരിച്ച് പോയെന്നും താന്‍ എറണാകുളത്ത് അനാഥാലയത്തിലാണ് താമസമെന്നുമാണ്  യുവാവിനെ വിശ്വസിപ്പിച്ചത്.

വാക്കുകള്‍ കേട്ട് അനുകമ്പ തോന്നിയ യുവാവ് ചികിത്സാ സഹായത്തിന് വേണ്ടി പണം കൈമാറി. ഇടക്ക് യുവതിയെ പറ്റി അന്വേഷിക്കാന്‍ അനാഥാലയത്തില്‍ പോവുകയും ചെയ്തു. യുവാവ് പറയുന്ന പോലെ ആരും അവിടെയില്ലെന്നായിരുന്നു അവിടെ ഉള്ളവരുടെ മറുപടി. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ റഷീദ അതും വിശ്വസനീയമായി പറഞ്ഞു ഫലിപ്പിച്ചു.

അന്തേവാസികളുടെ സ്വകാര്യത പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണെന്നും ഇപ്പൊള്‍ അവിടെ അല്ലെന്നും മറ്റും റഷീദ വിശദീകരിച്ചു.  അതെല്ലാം ശരിയെന്ന് കരുതിയ യുവാവ് വീണ്ടും ചികിത്സക്കും മറ്റുമായി പണം നല്‍കി കൊണ്ടേയിരുന്നു. 11 ലക്ഷം രൂപ വരെ ഇവര്‍ അത്തരത്തില്‍ തട്ടിയെടുത്തു. പലപ്പോഴും പലരില്‍ നിന്നും കടം വാങ്ങിയാണ് യുവാവ് ഇവര്‍ക്ക് പണം നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് ചികിത്സ നല്‍കി രോഗ മുക്തയാക്കി നല്ലൊരു ജീവിതം നല്‍കുക എന്ന ഉദ്ദേശ്യമായിരുന്നു യുവാവിന്.

അന്വേഷണത്തില്‍ ചതിയില്‍പെട്ട വിവിരം അറിഞ്ഞതിനെ തുടര്‍ന്നാണ് കടുങ്ങല്ലൂര്‍ സ്വദേശി അരീക്കോട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഐ ടി വിഭാഗത്തിന്റെ സഹായത്തോടെയാണ് പ്രതികളെ വര്‍ക്കലയില്‍ വെച്ച്  പിടികൂടിയത്. ഇവരെ കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമുണ്ടായിരുന്നതായി സി ഐ ബൈജുമോന്‍ പറഞ്ഞു. എസ് ഐ അഹമ്മദ്, എ എസ് ഐ രാജശേഖരന്‍, അനില എന്നിവരാണ് ഇവരെ പിടികൂടിയത്.  പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button