എം.ടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി നിര്‍മിക്കാനിരുന്ന ശ്രീകുമാര്‍ മേനോന്റെ മഹാഭാരത്തില്‍ നിന്ന് നിര്‍മാതാവ് പിന്മാറി
മോഹന്‍ലാല്‍ ഭീമനായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ നോവലിനെ ആസ്പദമാക്കി ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കാനിരുന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രം മഹാഭാരതത്തില്‍ നിന്നും നിര്‍മാതാവ് എസ് കെ നാരായണന്‍ പിന്മാറി.
എംടി വാസുദേവന്‍ നായരുമായുള്ള ‘രണ്ടാമൂഴ’ത്തിന്റെ കരാര്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എസ് കെ നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിര്‍മാണത്തില്‍ നിന്നും പിന്മാറിയത്. എംടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കരാര്‍ കാലാവധി പന്ത്രണ്ട് വര്‍ഷത്തേക്കാണെന്നാണ് ശ്രീകുമാര്‍ മേനോന്‍ നിര്‍മാതാവിനോട് പറഞ്ഞത്. ഇത് കളവാണെന്ന് ബോധ്യപെട്ടതിനെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്റെ പ്രൊജക്ടുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് എസ് കെ നാരായണന്‍ പറയുന്നു.
നാലു വര്‍ഷത്തിനുള്ളില്‍ ‘രണ്ടാമൂഴ’ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ കരാര്‍ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാര്‍ കാലാവധി നാലു വര്‍ഷം കഴിഞ്ഞതിന് ശേഷം എംടി ശ്രീകുമാര്‍ മേനോന് വക്കീല്‍ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നല്‍കാത്തതിനെ തുടര്‍ന്ന് ‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് എംടി കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോള്‍ സബ് കോടതി തിരക്കഥ തിരിച്ചു നല്‍കാന്‍ ഉത്തരവിട്ടിരുന്നു.
ഈ വസ്തുതയെല്ലാം ശ്രീകുമാര്‍ മേനോന്‍ മറച്ചുവെച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് എസ് കെ നാരായണനുമായി ചേര്‍ന്ന് ‘രണ്ടാമൂഴം’ സിനിമ പ്രൊജക്ടുമായി മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരില്‍ 250 ഏക്കര്‍ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിംഗ് നടത്തുവാന്‍ നിര്‍മാതാവ് സ്ഥലം കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡല്‍ ആക്കാനായിരുന്നു പ്രൊജക്റ്റ്. എന്നാല്‍ സത്യം ബോധ്യപ്പെട്ടതോടെ സിനിമയുടെ നിര്‍മാണത്തില്‍ നിന്നും എസ് കെ നാരായണന്‍ പിന്മാറുകയായിരുന്നു.