കൊച്ചി:വെള്ളിവെളിച്ചതിന് മുന്നിലെ നിറക്കൂട്ടുകള്‍ക്ക് പിറകില്‍ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചതിക്കുഴികളെ കുറിച്ചും തുറന്ന് പറഞ്ഞ് നിർമ്മാതാവ് ജോളി ജോസഫ്. പാവങ്ങളായ പലരും സത്യം പറയാൻ മടിക്കുന്നത് നാളെയും സിനിമയിൽ നിൽക്കണമല്ലോ എന്ന ഒരൊറ്റ കാര്യംകൊണ്ട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വര്ഷങ്ങളോളം കാത്തിരുന്ന് അറിയപ്പെടുന്ന നടന്റെ സിനിമാ തീർത്തിട്ടും പത്തിന്റെ പൈസ ഇപ്പോഴും കിട്ടാത്ത ഒരു പുതുമുഖ സംവിധായകനെയും , സെറ്റിൽ ഭക്ഷണം കൊടുത്തതിന്റെ പണം കിട്ടാതെ വട്ടിപലിശക്ക് കടം വാങ്ങിയവനേയും ,ദിവസങ്ങളോളം ഷൂട്ടിങ്ങിൽ പങ്കെടുത്തിട്ട് അച്ഛനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ ഒരൽപം പണം ചോദിച്ച നടനെ അധിക്ഷേപിച്ചവരെയും എനിക്കറിയാമെന്നും ജോളി ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
സിനിമ വ്യവസായത്തിൽ ചതിക്കപ്പെടുന്ന ജീവിതങ്ങൾ …. !
സിനിമയെന്നാൽ ‘നുണ’യാണ് ,അതിലെ ഓരോ ഫ്രെയിമും നുണകളുടെ കൂമ്പാരമാണ് …ആധാരരേഖാസംബന്ധിയല്ലാത്ത, വേഷക്കാരുടെ നാട്യം ചിത്രീകരിക്കുന്ന കഥകൾ സത്യമല്ല വ്യാജമാണ് , വെറും കാപട്യം മാത്രമാണ് … അതിനെ പ്രേക്ഷകന് സത്യമെന്ന് തോന്നിപ്പിക്കുന്നതിന്റെ കഴിവിലാണ് അണിയറ പ്രവർത്തകരും സിനിമകളും വിജയിക്കുക .. ഒരു സിനിമയും സത്യമല്ല, ഓരോരുത്തരുടെയും തലയിൽ ഉദിച്ച ആശയങ്ങൾ, ചിത്രീകരണങ്ങൾ മാത്രമാണ് …! പക്ഷെ അതിനുള്ളിലെ ജീവിതങ്ങൾ പലപ്പോഴും ചതിക്കപ്പെടുകയാണ്.
സിനിമയെടുത്ത് എല്ലാ സമ്പാദ്യങ്ങളും കുടുംബവും ജീവിതവും നഷ്ടപെട്ട ഒരുപാടു നിർമാതാക്കളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്, പലരും ഇപ്പോഴും നമ്മളുടെ കൺവെട്ടത്തുമുണ്ട്. ! എല്ലാരും നാളെയെന്ന പ്രതീക്ഷയുടെ നന്നാവുമെന്ന സ്വപ്നത്തിന്റെ പുറകിലാണല്ലോ ഇന്ന് ജീവിക്കുന്നത് . അതിന്റെ അങ്ങേ അറ്റമാണ് സിനിമ ..സിനിമയെന്നാൽ സ്വപ്നം മാത്രമല്ല പലരുടെയും ജീവിത ലക്ഷ്യംകൂടിയാണ് …! സിനിമയിൽ വരുന്ന എഴുത്തുകാരും സാങ്കേതിക പ്രവർത്തകരും എന്തിന് യൂണിറ്റിൽ ചായകൊടുക്കുന്ന ആളുകൾ വരെ അതിന്റെ പുറകിലാണ് ….!പക്ഷെ അതിനെ മുതലെടുക്കുന്ന, പണമില്ലാതെ കടം പറഞ്ഞും മറ്റുള്ളവരെ പ്രലോഭിപ്പിച്ചും പറ്റിച്ചും സിനിമയെടുക്കുന്ന ഹൃദയമില്ലാത്ത കഴുകകണ്ണുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു !
കോടികൾ ലാഭമുണ്ടാക്കിയ ഒരു നിർമാതാവിന്റെ മുൻപിൽ പെങ്ങളുടെ കല്യാണത്തിന് വേണ്ടി ഇരന്നു കരഞ്ഞ ഒരു എഡിറ്ററെ എനിക്കറിയാം, ഇന്നേവരെ ഒന്നും കൊടുത്തിട്ടില്ല ! വര്ഷങ്ങളോളം കാത്തിരുന്ന് അറിയപ്പെടുന്ന നടന്റെ സിനിമാ തീർത്തിട്ടും പത്തിന്റെ പൈസ ഇപ്പോഴും കിട്ടാത്ത ഒരു പുതുമുഖ സംവിധായകനെയും , സെറ്റിൽ ഭക്ഷണം കൊടുത്തതിന്റെ പണം കിട്ടാതെ വട്ടിപലിശക്ക് കടം വാങ്ങിയവനേയും ,ദിവസങ്ങളോളം ഷൂട്ടിങ്ങിൽ പങ്കെടുത്തിട്ട് അച്ഛനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ ഒരൽപം പണം ചോദിച്ച നടനെ അധിക്ഷേപിച്ചവരെയും എനിക്കറിയാം.
വലിയ ആളുകളുടെ സിനിമാ പരസ്യം മാത്രം ചെയ്തതിനാൽ ജീവിതം കുട്ടിച്ചോറായ ഒരുപാവം മനുഷ്യൻ ഇപ്പോഴും എറണാകുളത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നു . സിനിമ ഇൻഡസ്‌ട്രിയൽ കൊടുത്ത വണ്ടിച്ചെക്കുകൾ കൂട്ടിവെച്ചാൽ കാശ്മീർ മുതൽ കന്യാകുമാരിവരെ ആറുനിര പാതയുണ്ടാക്കാം ..!.യാതൊരു മടിയുമില്ലാതെ വ്യാജമായി കാപട്യം നിറഞ്ഞ കൊടുത്ത വാക്കുകൾക്ക് പിതാവ് ആരാണെന്നറിയാതെ പിറന്ന കുട്ടിയുടെ ഗതിപോലുമില്ല എന്നതാണ് വാസ്തവം .
പാവങ്ങളായ പലരും സത്യം പറയാൻ മടിക്കുന്നത് നാളെയും സിനിമയിൽ നിൽക്കണമല്ലോ എന്ന ഒരൊറ്റ കാര്യംകൊണ്ട് മാത്രമാണ് . .അതുകൊണ്ടാണവർ ആരുമറിയാതെ ബാത്‌റൂമിൽ പോയീ കാപട്യക്കാരുടെ മാതാപിതാക്കളെ എന്നും സ്മരിക്കുന്നത് … ! മലയാളത്തിലും കന്നഡയിലുമായി ഞാനും സിനിമകൾ നിർമിച്ചവനാണ് … എന്റെ ബാനർ ബോംബെയിലും എല്ലാ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് . എന്റെ സിനിമകൾ പൊട്ടിയപ്പോൾ അപ്പോഴുണ്ടായിരുന്ന ആസ്തി വിറ്റു പറഞ്ഞ പണം എല്ലാര്ക്കും കൊടുത്തു കണക്കുകൾ തീർത്തു . കാരണം എന്റെ വാക്ക് എന്റെ ദൈവമാണ് . എനിക്കൊരപ്പനെയുള്ളൂ …! സിനിമ വ്യവസായത്തിൽ നന്നായി സിനിമയെടുക്കുന്ന നല്ലവരായ ഒരുപാട് ആളുകളും ഉണ്ട് , എല്ലാവരും ചീത്തയാണ് എന്നൊരിക്കലും ഞാൻ പറയില്ല , അത് സത്യവുമല്ല, പക്ഷെ ചില അട്ടകൾ വ്യവസായത്തിന്റെ പേര് കളഞ്ഞു കുളിക്കുന്നു എന്നതാണ് വാസ്തവം .
എന്നിൽ നിന്നും അത്യാവശ്യം പറഞ്ഞു കരഞ്ഞു കടംവാങ്ങിയ പണം മഹാന്മാർ തിരികെ തന്നിരുന്നെങ്കിൽ നല്ല രണ്ട് സിനിമകൾ എടുക്കാമായിരുന്നു..! എന്റെ ഹോട്ടലുകളിൽ വളരെ കുറവായ മുറിവാടകക്ക് ആളുകളെ താമസിപ്പിച്ച് കോടികൾ ചിലവാക്കി പടം പിടിച്ച പലരും എനിക്ക് പണം തരാനുണ്ട് , മാസങ്ങളായി കടമാണ് ….ചോദിച്ചാൽ ചിലർ കരയും , ചിലർ യാതൊരു ഉത്തരവും തരാതെ താരങ്ങളോടോടൊപ്പം വിരാജിക്കുന്നു പാർട്ടികളിൽ – മുന്തിയ ഹോട്ടലുകളിൽ …! എന്റെ കാര്യം മാത്രമല്ല പലരുടെയും സ്ഥിതി ദയനീയമാണ് . വളരെ പ്രശസ്തരായ അവരുടെ പേരുകൾ വെളിപ്പെടുത്താത്തത് എന്റെയും പെട്ടുപോയ പലരുടെയും മര്യാദ , പക്ഷെ ഗതികെട്ടാൽ പുലി പുല്ലും തിന്നും … !