KeralaNews

‘പ്രിയ വര്‍ഗീസ് സിപിഎം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ടതാണ്’: പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനക്കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീലിലാണ് വിധി. അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റി എന്നാരോപിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്.

ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ‘പ്രിയ വര്‍ഗീസ് സിപിഎം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ടതാണെന്ന് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പി.എ.മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘മാധ്യമവിധികൾ’ വിചാരണചെയ്യുന്ന വിധിന്യായം…

ദിവസങ്ങളോളം മാധ്യമങ്ങൾ ചർച്ച ചെയ്ത വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെ‍ഞ്ചിന്റെ വിധി വന്ന ദിവസമാണ് ഇന്ന് . സി പി ഐ എം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ടതാണ്, അധിക്ഷേപിക്കപ്പെട്ടതാണ്. അത്തരം ഒരു കേസിൽ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ ചില നിരീക്ഷണങ്ങൾ വളരെ പ്രാധാന്യം ഉള്ളതാണ്.

ഇന്ന് മാധ്യമങ്ങളിലോ അന്തിചർച്ചകളിലോ വിശദമായി ചിലപ്പോൾ നിങ്ങൾക്ക് കോടതി വിധിയിലെ ഈ നിരീക്ഷണം കാണാൻ കഴിഞ്ഞെന്നു വരില്ല. ക്യാപ്ഷനുകളിൽ തിരിച്ചടികളും പരാജയങ്ങളും ഇല്ലാതെ എല്ലാം ‘ആശ്വാസത്തിൽ’ ഒതുക്കിയ ദിവസമാണല്ലോ ഇന്ന്. ഇന്നത്തെ ഹൈക്കോടതി ഉത്തരവ് വളരെ കൃത്യമായി തന്നെ മാധ്യമങ്ങൾക്ക് ചില നിർദേശങ്ങൾ നൽകുന്നുണ്ട്.

1. കേസ്‌ പരിഗണിക്കുന്ന വേളയിൽ ജഡ്‌‌ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ എടുത്ത്‌ അന്യായമായ അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി കക്ഷികളുടെ മാന്യതയ്‌‌ക്കും യശസ്സിനും ആഘാതം ഉണ്ടാക്കുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണം.
2. കേസ്‌ ജയിച്ചാൽ പോലും ഇത്തരം പരാമർശങ്ങൾ കക്ഷികൾക്കുണ്ടാക്കുന്ന ദോഷം മാറില്ലെന്ന ഓർമപ്പെടുത്തൽ .

3. സ്വകാര്യതക്കുള്ള അവകാശം മൗലിക അവകാശം ആണ്. മാധ്യമങ്ങളിൽ നിന്നും സ്വകാര്യവ്യക്തികളിൽ നിന്നും ഈ സംരക്ഷണം ലഭിക്കണം

4. ഈ നിരീക്ഷണങ്ങൾ കണക്കിലെടുത്ത് ഉത്തരവാദിത്വത്തോടു കൂടെ ഉള്ള മാധ്യമ പ്രവർത്തന ശൈലി മാധ്യമങ്ങൾ സ്വീകരിക്കണം  കോടതി സൂചിപ്പിച്ചത് വളരെ ഗൗരവത്തോടു കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഉടമകളെ പ്രീതിപ്പെടുത്താന്‍ , അവരുടെ രാഷ്ട്രീയ താത്പ്പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തിഹത്യ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖമടച്ച് കിട്ടിയ അടിയാണ് ഈ വിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button