കൊച്ചി: കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ വീണ്ടും ഫെയ്സ്‌ബുക്ക് പോസ്റ്റുമായി പ്രിയാ വർഗ്ഗീസ്. നിയമന കേസിൽ ഹൈകോടതി വിധി പറയുന്നതിനിടെയാണ് ഫെയ്സ്‌ബുക്ക് പോസ്റ്റുമായി പ്രിയാ വർഗ്ഗീസ് രംഗത്ത് വന്നത്. അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂവെന്ന് പ്രിയ വർഗീസ് പറഞ്ഞു.
താൻ ഇന്നലെ പ്രതികരിച്ചത് മാധ്യമങ്ങളിൽ വന്ന വാർത്തകളോടായിരുന്നു. ഒന്നും രണ്ടുമല്ല, പല മാധ്യമങ്ങളിൽ വന്ന വാർത്തകളോടായിരുന്നുവെന്നും പ്രിയ പറയുന്നു. എൻ എസ് എസിനുവേണ്ടി കക്കൂസ് വെട്ടിയാലും അഭിമാനം മാത്രമെന്ന ഇന്നലത്തെ പോസ്റ്റ് കോടതി ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയ വർഗീസ് വീണ്ടും ഫെയ്സ്ബുകിൽ പോസ്റ്റ് ഇട്ടത്.
കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രിയ വർഗീസിന്റെ ഫെയ്സ്ബുക് പോസ്റ്റ് പരാമർശിച്ച് കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ല.
അസുഖകരമായ കാര്യങ്ങൾ സംഭവിക്കുന്നു. കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി ഓര്‍ക്കുന്നില്ല. നാഷണൽ സര്‍വ്വീസ് സ്കീമിൻ്റെ ഭാഗമായി പല കാര്യങ്ങളും അധ്യാപകര്‍ ചെയ്തിട്ടുണ്ടാവാം. അതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോയെന്നാണ് ഹൈക്കോടതി പരിശോധിച്ചത്.
കോടതിയിൽ പറയുന്ന കാര്യങ്ങളിൽ നിന്നും പലതും അടര്‍ത്തിയെടുത്ത് വാര്‍ത്ത നൽകുന്ന നിലയാണ് ഇപ്പോൾ ഉള്ളത്. കക്ഷികൾ അങ്ങനെ ചെയ്യാൻ പാടില്ലെന്നും കേസിൽ വിധി പറയും മുൻപ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.