തിരുവനന്തപുരം: നവംബർ 21 മുതൽ അനിശ്ചിതകാല സമരമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി.
നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കുന്നതിൽ ഗതാഗത മന്ത്രിക്കെതിരെ ബസ് ഉടമകൾ പ്രതിഷേധം രേഖപ്പെടുത്തി. സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം വെക്കാൻ പറ്റില്ലെന്നും ഇതിന് കൂടുതൽ സമയം നൽകണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഏപ്രിൽ വരെ സമയം നൽകണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവർ ആവശ്യപ്പെട്ടു.
ഒക്ടോബർ 31 ലെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബസ് ഉടമകൾ നിലപാട് വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.