തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 21 മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വര്‍ധന നടപ്പാക്കാത്ത സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാലാണ് നിരത്തില്‍ നിന്നും വാഹനങ്ങള്‍ പിന്‍വലിക്കുന്നതെന്നും ബസുടമകളുടെ സംഘടനാ നേതാക്കള്‍ പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പ് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ നിരക്ക് വര്‍ധന സംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരിന് നല്‍കിയതാണ്. എന്നാല്‍ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
ഡീസല്‍ ലിറ്ററിന് 60 രൂപയായിരുന്ന കാലത്തെ നിരക്കില്‍ തന്നെയാണ് ബസ് സര്‍വീസുകള്‍ നിലവില്‍ നടക്കുന്നത്. ഇന്ന് ഡീസലിന്റെ വില ലിറ്ററിന് 92 രൂപയാണ്. സ്‌പെയര്‍ പാട്‌സ്, ഇന്‍ഷുറന്‍സ്, തൊഴിലാളി വേതനം എന്നിവയെല്ലാം ഉയര്‍ന്നപ്പോഴും നിരക്ക് വര്‍ധന മാത്രം ഉണ്ടായില്ലെന്ന് ബസുടമകള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാതെയുള്ള നിരക്ക് വര്‍ധനവ് അംഗീകരിക്കില്ലെന്നും ബസുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.