ക്വലാലംപൂര്‍: മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണ് പത്ത് മരണം. വിമാനത്തിലെ യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മലേഷ്യയിലെ വടക്കന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നും യാത്ര തിരിച്ച ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്വലാലംപൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടമുണ്ടായതെന്ന് മലേഷ്യന്‍ പൊലീസ് അറിയിച്ചു. വിമാനം ഹൈവേയില്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു കാറിലെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞത് പുറത്തുവന്നിട്ടുണ്ട്.
എയർ ട്രാഫിക് കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ട് വിമാനം ഹൈവേയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എമർജൻസി കോൾ വന്നിരുന്നില്ലെന്നും ലാൻഡ് ചെയ്യാനുള്ള അനുമതി വിമാനത്തിന് നൽകിയിരുന്നതായും ഖാൻ പറഞ്ഞു.
ലങ്കാവി ദ്വീപിൽ നിന്ന് പുറപ്പെട്ട ക്വാലാലംപൂരിനടുത്തുള്ള വിമാനം സെലാൻഗോറിലെ സുൽത്താൻ അബ്ദുൾ അസീസ് ഷാ എയർപോർട്ടിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് മലേഷ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി സി.എ.എ.എം അറിയിച്ചു.
ലാൻഡിങ്ങിന് മിനിട്ടുകൾ മാത്രം നിൽക്കെ ദിശ മാറി ഷാ ആലം ജില്ലയിൽ പതിക്കുകയായിരുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി ലോകെ പറഞ്ഞു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായും ലോകെ അറിയിച്ചു.
അപകട കാരണം മനസിലാക്കുന്നതിനായി ഉദ്യോഗസ്ഥർ ബ്ലാക്ക് ബോക്സിനായി തെരച്ചിൽ നടത്തുന്നതായും അദ്ദേഹം അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ ബെർനാമ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.