കൊച്ചി:പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങി മലയാളികൾ ആഘോഷമാക്കിയ സിനിമയാണ് ലൂസിഫർ. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, സാനിയ ഇയ്യപ്പൻ, വിവേക് ഒബ്റോയ് തുടങ്ങി മലയാളികൾക്ക് പ്രിയപ്പെട്ട വലിയ താരനിരതന്നെ സിനിമയിൽ അണിനിരന്നു.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം ആ വർഷത്തെ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ഇപ്പോൾ.
ഇപ്പോഴിതാ, ലൂസിഫർ സെറ്റിലുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലൊക്കെ പലപ്പോഴും ചർച്ചയായിട്ടുള്ളതാണ് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പരിജ്ഞാനം.
സാധാരണക്കാർക്ക് മനസിലാകാത്ത വാക്കുകളും പ്രയോഗങ്ങളും പൃഥിയുടെ സംഭാഷണത്തിലും പോസ്റ്റുകളിലും കടന്നു കൂടാറുണ്ട്. ഇത് പലപ്പോഴും ട്രോളുകൾക്കും വിമർശനങ്ങൾക്കും വരെ കാരണമായിട്ടുണ്ട്. സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജ്.
ലൂസിഫർ സെറ്റിലും പൃഥ്വിരാജിന്റെ അടുത്തെന്ന് മനസിലാവാത്ത ഇംഗ്ലീഷ് പദപ്രയോഗങ്ങൾ ഉണ്ടായി എന്നാണ് ഇപ്പോൾ മഞ്ജു പറയുന്നത്.
ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ “ഇൻക്രെടുലസായ” റിയാക്ഷൻ വേണമെന്ന് പൃഥ്വിരാജ് പറഞ്ഞതായും എന്നാൽ തനിക്ക് അതിന്റെ അർത്ഥം മനസിലാകാതെ പൃഥ്വിയോട് തന്നെ ചോദിച്ചെന്നുമാണ് മഞ്ജു പറഞ്ഞത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ ആണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. താരം സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ.
ഒരു സീൻ ഷൂട്ട് ചെയ്യുകയായിരുന്നു. അതിനിടയിൽ എന്നോട് ഇൻക്രെടുലസായ റിയാക്ഷൻ വേണമെന്ന് പൃഥ്വി പറഞ്ഞു. എല്ലാ ഇംഗ്ളീഷ് വാക്കുകൾ ഒന്നും എനിക്ക് അറിയില്ലലോ. ഞാൻ മനസിലാകാതെ പ്രിഥ്വിയോട് തന്നെ ചോദിച്ചു. നിസ്സഹായയാവുക എന്നാണ് അതിന്റെ അർത്ഥമെന്ന് പൃഥ്വിരാജ് പറഞ്ഞു തന്നു,’ മഞ്ജു പറഞ്ഞു. തനിക്ക് പുതിയൊരു വാക്ക് അങ്ങനെ പഠിക്കാൻ പറ്റിയെന്നും അതിന് നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞു.