EntertainmentNews

പൃഥിരാജിന് തലകുത്തി നിന്നാൽ മോഹൻലാൽ ആവാൻ പറ്റില്ല; പകരക്കാരനാണെന്നല്ല അന്ന് പറഞ്ഞത്; ഭദ്രൻ

കൊച്ചി:മലയാള സിനിമയുടെ ചരിത്രത്തിൽ എഴുതപ്പെട്ട സിനിമയാണ് സ്ഫടികം. 1995 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ഇന്നും ആരാധകരേറെയാണ്. 27 വർഷങ്ങൾക്ക് ശേഷം സിനിമ വീണ്ടും റിലീസ് ചെയ്തപ്പോൾ ലഭിച്ച സ്വീകാര്യത ഇതിന് തെളിവാണ്. കൂടുതൽ ദൃശ്യ മിഴിവോടെ സ്ഫടികം കാണാൻ ആരാധകരെത്തി.

സംവിധായകൻ ഭ​ദ്രന്റെ ഏറെ നാളത്തെ സ്വപ്നമാണ് സഫലമായിരിക്കുന്നത്. മോഹൻലാൽ, തിലകൻ, കെപിഎസി ലളിത, ഉർവശി, നെടുമുടി വേണു തുടങ്ങിയവരുടെ അവിസ്മരണീയ പ്രകടനമായിരുന്നു സ്ഫടികത്തിൽ.

2003 ൽ ഭദ്രൻ സംവിധാനം ചെയ്ത സിനിമയാണ് വെള്ളിത്തിര, പൃഥിരാജ്, നവ്യ നായർ, കലാഭവൻ മണി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. പൃഥിരാജിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്.

മോഹൻലാലിന് പകരക്കാരനെ കണ്ടെത്തിയെന്ന് പൃഥിരാജിനെ പരിചയപ്പെടുത്തിക്കൊണ്ട് ഭദ്രൻ പറഞ്ഞതായി അന്ന് വാർത്ത വന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഭദ്രനിപ്പോൾ. കാൻ ചാനൽ മീഡിയയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ജെനുവിനായി പറഞ്ഞതാണ്. പക്ഷെ താൻ പറഞ്ഞ അർത്ഥം മനസ്സിലേക്കേണ്ടതുണ്ടെന്ന് ഭദ്രൻ ചൂണ്ടിക്കാട്ടി.
‘ഒരിക്കലും മോഹൻലാലിന് പൃഥിരാജ് പകരക്കാരനാവില്ല. മോഹൻലാലിനെപ്പോലെ നന്നായി വരാനുള്ള ഒരു ​ഗ്രാഫ് ഞാൻ പൃഥിരാജിൽ കാണുന്നെന്നാണ് ഞാൻ പറഞ്ഞത്. പൃഥിരാജിന്റെ രണ്ടാമത്തെ സിനിമയിലാണ് ഞാനിത് പറഞ്ഞത്. അവനിന്ന് എവിടെയെത്തി നിൽക്കുന്നു,’ ഭദ്രൻ ചോദിക്കുന്നു.

‘അയാൾക്കെങ്ങനെ മോഹൻലാലാവാൻ കഴിയും? തലകുത്തി നിന്നാൽ പറ്റില്ല. അയാൾക്കെങ്ങനെ മമ്മൂട്ടിയാവാൻ കഴിയും. മമ്മൂട്ടിയൊക്കെ ഒരു ബ്ലോക്കിൽ കയറി നിന്നാൽ ആ പ്രദേശം മുഴുവൻ പ്രസരണം ചെയ്യുകയല്ലേ’

‘മമ്മൂട്ടി എന്ന വ്യക്തി ഷർട്ടും മുണ്ടുമിട്ട് വന്ന് നിൽക്കുന്ന കാര്യമല്ല ഞാൻ പറയുന്നത്. ചില വേഷപ്പകർച്ചകളിലൂടെ സ്ക്രീനിലേക്ക് വന്ന് നിൽക്കുമ്പോൾ അയാൾ ആവാഹിക്കുന്ന ശക്തിയുണ്ട്. അത് തന്നെയാണ് മോഹൻലാലും,’ ഭദ്രൻ പറഞ്ഞു.

എന്റെ മുഖങ്ങൾ പൂവണിഞ്ഞു എന്ന ശങ്കർ നായകനായ സിനിമയിൽ മോഹൻലാലിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും ഭദ്രൻ സംസാരിച്ചു. ബാലൻ കെ നായരാണ് മോഹൻലാലിനെ പരിചയപ്പെടുത്തുന്നത്.

‘ഈ പരിചയപ്പെടലിന് ശേഷം എപ്പോഴും ഞങ്ങൾ കണ്ട് മുട്ടുന്നത് രഞ്ജിത്ത് ഹോട്ടലിൽ വെച്ചാണ്. എപ്പോൾ കണ്ടാലും ലാൽ നടന്ന് വരുന്ന ശരീരഭാഷയുണ്ട്’

‘നമ്മളുമായി നൂറ് വർഷത്തെ ബന്ധമുള്ളത് പോലെയാണ് ചിരിച്ച് ആടിക്കുഴഞ്ഞുള്ള വരവ്. ഇയാൾ വില്ലൻ വേഷങ്ങൾ മാത്രം ചെയ്യേണ്ടയാളല്ല. മറ്റ് വേഷങ്ങളും ഇണങ്ങും എന്നെനിക്ക് തോന്നി. അങ്ങനെയാണ് സിനിമയിൽ ശങ്കറിന്റെ ഏറ്റവും നല്ല ഫ്രണ്ടായ കഥാപാത്രത്തിന് മോഹൻലാലാണ് നല്ലതെന്ന് തോന്നുന്നത്’

‘വർഷങ്ങൾക്ക് ശേഷം ഞാനെന്റെ തന്നെ സിനിമയായ സ്ഫടികം എഫക്ടുകളിട്ട് കണ്ടപ്പോൾ ഈ സിനിമ ഞാൻ തന്നെ ചെയ്തതാണോയെന്ന് തോന്നിപ്പോയി’

‘സിനിമ മാത്രമല്ല ഈ ആർട്ടിസ്റ്റുകളെക്കാെണ്ടൊക്കെ ഇങ്ങനെ ചെയ്യിക്കാൻ പറ്റിയോ എന്ന്. എല്ലാ കഥാപാത്രങ്ങളും തമ്മിൽ ഒരു വ്യാകരണമുണ്ട്. എന്നെ ഇതിന് നിയോ​ഗിച്ചതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു’

ഇന്നത്തെ തലമുറയിൽ കണ്ടന്റ് ഓറിയന്റഡായി സിനിമ ചെയ്യുന്ന വളരെ ചുരുക്കം പേരെയുള്ളൂ. ഇന്നത്തെ ചെറുപ്പക്കാരുടെ സിനിമകളിൽ കണ്ടന്റ് പലപ്പോഴും മറന്ന് കൊണ്ട് അവെയ്ലബിളായ പ്ലാറ്റ്ഫോമിലേക്കാണ് ഇവരുടെ താൽപര്യം.

പല സിനിമകളും കാണുമ്പോൾ കണ്ടന്റും അതിന്റെ ദൃശ്യാവിഷ്കരണവും തമ്മിൽ ഒത്തുപോവുന്നോ എന്ന് സംശയമുണ്ട്. ഓരോ യൂസേജിനും ഒരു ഉദ്ദേശ്യമുണ്ടെന്നും ഭദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button