കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷൻ ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വെള്ളിയാഴ്ച 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ. ഇന്ന് പ്രധാനമന്ത്രി കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം ആറിന് നെടുമ്പാശ്ശേരിയിൽ നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും.
സിയാൽ കൺവെൻഷൻ സെന്ററിലാണ് ദീർഘിപ്പിച്ച പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയുടെ ഉദ്ഘാടനം. എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ഇരട്ടിപ്പിച്ച കറുപ്പന്തറ-കോട്ടയം-ചിങ്ങവനം പാതയും കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.