InternationalNews

വാഗ്നർ സംഘത്തിന് സൈന്യത്തിൽ പദവി വാഗ്ദാനം,പ്രിഗോഷിൻ റഷ്യ വിട്ട് ബെലാറൂസിൽ അഭയം തേടും

മോസ്കോ:: അട്ടിമറിയിൽ വാഗ്നർ സംഘം പിന്മാറിയോടെ സേനാ അംഗങ്ങൾക്ക് സൈന്യത്തിൽ പദവി വാഗ്ദാനം ചെയ്ത് റഷ്യ. കരാ‌ർ അടിസ്ഥാനത്തിൽ റഷ്യൻ സേനയിൽ പ്രവർത്തിക്കാൻ അവസരം നൽകുമെന്ന് പുടിന്റെ ഓഫീസ് വ്യക്തമാക്കി. അട്ടിമറി നീക്കത്തിൽ പങ്കെടുത്തവർക്ക് നേരെ നിയമ നടപടികൾ ഉണ്ടാവില്ലെന്നും റഷ്യ വ്യക്തമാക്കി.

വാഗ്നർ സേനാ തലവൻ യെവ്‍ഗെനി പ്രിഗോഷിൻ റഷ്യ വിട്ട് ബെലാറൂസിൽ അഭയം തേടും. പ്രിഗോഷിനെതിരായ കേസുകൾ ഒഴിവാക്കുമെന്നും റഷ്യ വ്യക്തമാക്കി. ഇതോടെ വാഗ്നർ സംഘത്തിന്റെ പ്രവർത്തനം അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. അട്ടിമറി ശ്രമമോ റഷ്യയിലെ ആഭ്യന്തര സാഹചര്യങ്ങളോ യുക്രൈനെതിരായ യുദ്ധത്തെ ബാധിക്കില്ലെന്നും പുടിന്റെ ഓഫീസ് അറിയിച്ചു.

റഷ്യയിൽ പ്രതിസന്ധിക്ക് അയവായത് ബെലാറൂസിന്റെ ഇടപെടലിലാണ്. ബെലാറൂസ് പ്രസിഡന്റ് ലൂക്കാഷെങ്കോ നടത്തിയ ചർച്ചകൾക്കൊടുവിൽ വാഗ്നർ സംഘം വിമത നീക്കം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ചു. മോസ്കോയിലേക്കുള്ള സൈനിക നീക്കത്തിൽ നിന്ന് വാഗ്നർ സംഘം പിന്മാറി. പ്രിഗോഷിനുമായി ലൂക്കാഷെങ്കോ സംസാരിച്ചു. വാഗ്നർ സംഘത്തിന് സുരക്ഷ ബെലാറൂസ് പ്രസിഡന്റ് വാഗ്ദാനം ചെയ്തു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനായി പിന്മാറുകയാണെന്നായിരുന്നു പ്രിഗോഷിന്റെ പ്രതികരണം.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സ്വന്തം കാര്യസാധ്യത്തിനായി വളർത്തിയെടുത്ത ആളാണ് വാഗ്നർ കൂലിപ്പടയുടെ തലവൻ യവ്ഗെനി പ്രിഗോഷിൻ. വെറുമൊരു കള്ളനിൽനിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളർന്ന പ്രിഗോഷിന്റെ ജീവിതം ഏതു ഹോളിവുഡ് സിനിമയേയും വെല്ലും.

വ്ലാദിമിർ പുട്ടിന്റെ അതെ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗിലാണ് യവ്ഗെനി പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം. 1979 ൽ വെറും പതിനെട്ടാം വയസിൽ ജയിലിൽ. അതുകൊണ്ടും നന്നായില്ല. ജയിലിൽനിന്ന് ഇറങ്ങിയിട്ടും വീണ്ടും കവർച്ചയ്ക്ക് പിടിച്ചു. ഒൻപതു വർഷം പിന്നെയും ശിക്ഷ. പിന്നെ പുറത്തിറങ്ങിയത് പുതിയൊരു ആളായി. ബർഗർ വിൽക്കുന്ന കട തുടങ്ങി. കച്ചവടം മെല്ലെ പച്ച പിടിച്ചു. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. അക്കാലത്താണ് വ്ലാദിമിർ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ വളർച്ച. 

പുടിൻ 2000 തിൽ റഷ്യൻ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യവ്ഗെനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു. പുട്ടിനോട് കാണിക്കുന്ന വിധേയത്വം കാരണം പ്രിഗോഷിനെ ‘പുട്ടിന്റെ പാചകക്കാരൻ’ എന്നുപോലും ആളുകൾ വിളിച്ചു. ആ വിളി അഭിമാനമാണെന്നും കൂടി അക്കാലത്തു പറഞ്ഞു യവ്ഗെനി പ്രിഗോഷിൻ. പ്രസിഡന്റായ പുടിൻ ക്രെംലിനിലെ സുപ്രധാന ഭക്ഷണ വിതരണ കരാറുകൾ എല്ലാം പ്രിഗോഷിനു നൽകി. രാഷ്ട്രത്തലവന്മാർക്ക് മുതൽ സൈനിക സ്‌കൂളുകളിൽ വരെ പ്രിഘോഷിന്റെ ഹോട്ടൽ ഭക്ഷണം വിതരണം ചെയ്തു. 

ആ കരാറുകൾ ഭക്ഷണത്തിൽ ഒതുങ്ങിയില്ല. അധികാരം നിലനിർത്താനും കാര്യസാധ്യത്തിനും ഒപ്പം നിർത്താൻ യവ്ഗെനി പ്രിഗോഷിനെപ്പോലെ ഒരാളെ വേറെ കിട്ടാനില്ലെന്ന മനസിലായ പുടിൻ സകലതിനും അയാളെ ഒപ്പം നിർത്തി. ആ അവസരം പ്രിഗോഷിൻ നന്നായി മുതലാക്കി. 2014 ൽ യുക്രൈന്റെ ഒരു ഭാഗം പിടിച്ചെടുക്കാൻ റഷ്യൻ സൈന്യത്തെ സഹായിക്കാനെന്ന പേരിൽ പുടിൻ വാഗ്നർ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെ ഒരുക്കിയപ്പോൾ അതിന്റെ സംഘാടന ചുമതലയും പ്രിഗോഷിനു തന്നെ ഏൽപ്പിച്ചു.

പിന്നീട് അങ്ങോട്ട് പുടിന്റെയും പ്രിഗോഷിന്റെയും ആ കൂലിപ്പട ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ, ക്രൂരതകൾ, മനുഷ്യാവകാശ ലംഘനങ്ങൾ, എണ്ണിയാലൊടുങ്ങാത്തവ ആണ്. എക്കാലവും സ്വതന്ത്ര മാധ്യമങ്ങളെ ഭയന്ന വ്ലാദിമിർ പുടിനുവേണ്ടി മൂന്നു റഷ്യൻ മാധ്യമ പ്രവർത്തകരെ വധിച്ചതടക്കം ഒട്ടനവധി ക്രൂരതകൾ ആസൂത്രണം ചെയ്തത് യവ്ഗെനി പ്രിഗോഷിൻ ആയിരുന്നു. 

പ്രിഗോഷിൻ ആണ് വാഗ്നർ ഗ്രൂപ്പിന്റെ സംഘാടകൻ എന്നതുപോലും 2022 വരെ പുറംലോകം അറിയാത്ത രഹസ്യം ആയിരുന്നു. ഈ വർഷം ആദ്യമാണ് പുട്ടിനും പ്രിഗോഷിനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. ഒടുവിൽ ഇപ്പോൾ അത് നേർക്കുനേർ യുദ്ധമായിരിക്കുന്നു. പിന്നിൽനിന്ന് കുത്തേറ്റ പുടിൻ ഇനിയെന്ത് ചെയ്യും? പുട്ടിനേക്കാൾ വളർന്ന യവ്ഗെനി പ്രിഗോഷിന്റെ അടുത്ത നീക്കം എന്ത്? അങ്ങനെ നിരവധി ചോദ്യങ്ങളാണ് റഷ്യയെ ചുറ്റിപ്പറ്റി ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button