പത്തനംതിട്ട:സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ വൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലങ്കര സുറിയാനി കത്തോലിക്കാ സഭ അംഗമായ ഫാ. ജോസഫ് വരമ്പുങ്കൽ ഒഐസിയാണ് എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായത്. പരിചയസമ്പന്നരും സന്നദ്ധരും സാമൂഹിക പ്രതിബദ്ധതയുമുള്ള രണ്ട് അധ്യാപകരെ ഓരോ സ്കൂളിലും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി നിയമിക്കും.
ഓരോ സിപിഒയും പോലീസ് ഉദ്യോഗസ്ഥരുടെ ശരിയായ പരിശീലനത്തിന് വിധേയരാകുകയും പരിശീലനത്തിന് ശേഷം ഓണററി സബ് ഇൻസ്പെക്ടർ (എസ്ഐ) പദവി നൽകുകയും ചെയ്യുന്നു. പലരും ഏറ്റെടുക്കാൻ മടിക്കുന്ന ചുമതല ഫാ. ജോസഫ് വരമ്പുങ്കൽ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. കേരള കത്തോലിക്കാ വൈദികരിൽ ആദ്യത്തെ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറാണ് ഫാ. ജോസഫ് വരമ്പുങ്കലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
നിലവിൽ ബഥനി ആശ്രമം നവജ്യോതി പ്രൊവിൻസ് റാന്നി ചെറുകുളഞ്ഞി ആശ്രമ അംഗമാണ് ജോസഫ് അച്ചൻ. ബഥനി ആശ്രമം ഹൈസ്കൂളിലെ അദ്ധ്യാപക ജോലിക്കൊപ്പം തിരുവല്ല അതിരൂപതയിലെ എംസിവൈഎം റാന്നി മേഖല ഡയറക്ടറായി കൂടി സേവനം ചെയ്യുന്നു.