EntertainmentKeralaNews

കിളി പാറുന്ന ടീസറിന്റെ സസ്‌പെന്‍സ് നീക്കി മമ്മൂട്ടി; പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ‘ദി പ്രീസ്റ്റ്-റിവ്യൂ വായിക്കാം’

കൊച്ചി:കോവിഡും ലോക്ക്ഡൗണും കാരണം അടച്ചിട്ട തിയേറ്ററുകള്‍ നീണ്ട ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ തുറന്നപ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ഏറെ പ്രത്യേകതകളുള്ള ചിത്രം എന്നു തന്നെ ‘ദി പ്രീസ്റ്റിനെ’ പറയാം..ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ പുരോഹിത വേഷം, കിളിപാറുന്ന ടീസര്‍ ഇവയെല്ലാം തന്നെ പ്രേക്ഷകരുടെ ആകാംക്ഷയും കാത്തിരിപ്പും കൂട്ടി. സെക്കന്‍ഡ് ഷോ അനുവദിക്കാത്തതു മൂലം ചിത്രത്തിന്റെ റീലീസ് നീണ്ടു പോയി എങ്കിലും ‘ലേറ്റായി വന്താലും ലേറ്റസ്റ്റായി’ വന്നു എന്നു തന്നെ പറയാം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘ഹോളിവുഡ് ശൈലിയിലെടുത്ത മലയാളം സിനിമ’. ആദ്യ ദിവസം കൊണ്ടു തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രം, തളര്‍ന്നു പോയ സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താനാകുന്ന ഒരു തുറുപ്പ് ചീട്ട് ആകുമെന്നതില്‍ സംശയമില്ല. 2021 ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് ദി പ്രീസ്റ്റിന്റെ വരവ്.

പാരാസൈക്കോളജിയിലും എക്‌സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്‌പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്.

മഞ്ജു വാര്യരുടെ ക്യാരക്റ്റര്‍ ചെറുതാണെങ്കിലും സിനിമയ്ക്കും കഥാപാത്രത്തിനും മഞ്ജു നല്‍കുന്ന ഇമ്പാക്റ്റ് ചെറുതല്ല. കാസ്റ്റിങ് ഗംഭീരം. അത് മനസിലാക്കി റോള്‍ സ്വീകരിച്ച മഞ്ജുവിന്റെ സെന്‍സും അതിഗംഭീരം.. മമ്മൂട്ടിയും മഞ്ജുവാര്യരും ഉള്ള ഒരു സിനിമയില്‍ അവരെ രണ്ടുപേരെയും മറികടക്കുന്ന പെര്‍ഫോമന്‍സ് ബേബി മോണിക്കയുടേത് ആണ്. ആ വേഷം മോശമായാല്‍ അത് ചിത്രത്തെ തന്നെ ബാധിക്കുമായിരുന്നു. എന്നാല്‍ ഒരു ബാലതാരത്തെ സംബന്ധിച്ച് വെല്ലുവിളി ഉയര്‍ത്തുന്ന ‘അമേയ’യായി ബേബി മോണിക്ക മികച്ച പ്രകടനം തന്നെ കാഴിചവെച്ചു. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, വെങ്കടേശ്, ശിവദാസ് എന്നിവര്‍ക്കും നല്ല റോളുകള്‍ ആണ്.

ഹൊറര്‍ മൂഡ് നിലനിര്‍ത്താന്‍ ശബ്ദങ്ങളെയും സൈലന്‌സിനെയും ഒരേപോലെ കൂട്ടുപിടിച്ച രാഹുല്‍രാജും ബിജിഎമ്മിലും പാട്ടുകളിലും നീതി പുലര്‍ത്തി. പൊളിച്ചു എന്നു തന്നെ പറയാം. ആകാംക്ഷയ്ക്ക് ഒപ്പം നില്‍ക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്. അത് എടുത്ത് പറയേണ്ടതു തന്നെയാണ്. അതിന്റെ ഇഫക്ട് തിയേറ്ററില്‍ ആസ്വദിച്ചാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. മമ്മൂട്ടിയും മഞ്ജു വാര്യരുമൊക്കെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അവരുടെ താരപരിവേഷത്തെ ആഘോഷമാക്കാന്‍ ജോഫിന്‍ ടി ചാക്കോ മുതിര്‍ന്നില്ല എന്നത് അഭനന്ദനീയം. കഴിഞ്ഞ 34 വര്‍ഷ കാലത്തിനിടയ്ക്ക് മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്ഥനായിട്ടുള്ള ഒരുപാട് സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമയില്‍ പുരോഹിതനായി എത്തിയ അന്വേഷണ ഉദ്യോഗസ്ഥന്റെ എല്ലാ മികവുകളും മമ്മൂട്ടി ഉഷാറാക്കിയിട്ടുണ്ട്..

ആന്റോ ജോസഫും,ബി ഉണ്ണി കൃഷ്ണനും, വി എന്‍ ബാബുവും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒരു തുടക്കക്കാരന്‍ ആണെന്ന് ആരും തന്നെ പറയില്ല. അതിര്‍വരമ്പുകള്‍ ഭേദിക്കാതെ, എന്നാല്‍ ചിത്രത്തിനു വേണ്ടതെല്ലാം ആവശ്യത്തിനു നല്‍കി പ്രേക്ഷകരെ നിരാശപ്പെടുത്താത്ത അതിഗംഭീര ചിത്രമായി തന്നെയാണ് ‘ദി പ്രീസ്റ്റ്’ നെ സംവിധായകന്‍ തയ്യാറാക്കിയിരിക്കുന്നത്. തിയേറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക് ഇഴച്ചിലില്ലാതെ ചിത്രത്തെ ആസ്വദിക്കാന്‍ വിധം ചിത്രം സമ്പന്നമാക്കിയിതില്‍ ജോഫിന്‍ ടി ചാക്കോ എന്ന സംവിധായകന് അഭിമാനിക്കാം. എന്തു തന്നെ ആയാലും മെഗാസ്റ്റാറിന്റെ ‘ദി പ്രീസ്റ്റ’് എന്ന ചിത്രത്തോടു കൂടി മലയാള ചലച്ചിത്ര മേഖലയിലേയ്ക്ക് ഒരുപിടി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിക്കാന്‍ ജോഫിന്‍ ടി ചാക്കോ എന്ന സംവിധായകന് കഴിയും എന്നതില്‍ തെല്ലും സംശയമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker