FeaturedNationalNews

കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ചവർക്ക് പ്രണാമം- സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

ന്യൂഡൽഹി:കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ സഹായിച്ചത് മുന്നണിപോരാളികൾ മൂലമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

‘വിദേശത്തും രാജ്യത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഇത് ആനന്ദവേളയാണ്. സ്വാതന്ത്ര്യത്തിന്റെ ഈ 75-ാം വാർഷിക വേളയിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുകയാണ്. ഈ അസുലഭ മുഹൂർത്തത്തിൽ എന്റെ ഹ്യദയം നിറഞ്ഞ് അഭിനന്ദനങ്ങൾ’, രാഷ്ട്രപതി പറഞ്ഞു.

കോവിഡിന്റെ അടിയന്തര സാഹചര്യത്തിൽ മെഡിക്കൽ സൗകര്യങ്ങൾ നൽകി സഹായിച്ച ലോകനേതാക്കൾക്ക് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ നന്ദി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം എല്ലാവരും വാക്സിനെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മരിച്ച എല്ലാപോരാളികളുടെയും ഓർമ്മകൾക്കുമുന്നിൽ പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബഹുസ്വരമായ സംസ്കാരങ്ങളുടെയും ഊർജസ്വലമായ ജനാധിപത്യത്തിന്റെയും പശ്ചാത്തലത്തിൽ ലോകത്തിന് മുന്നിൽ അത്ഭുതമാകുകയാണ് ഇന്ത്യ. രാജ്യം കടന്നുവന്ന വഴികൾ ഓർത്ത് അഭിമാനിക്കുന്നതിന് മതിയായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ദിശയിൽ വേഗത്തിൽ നടക്കുന്നതിന് പകരം ശരിയായ ദിശയിൽ പതിയെ നീങ്ങുവാൻ മഹാത്മഗാന്ധി വഴിക്കാട്ടി.

അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പോരാളികളായ തലമുറകളുടെ പോരാട്ടത്തിലൂടെയാണ് സ്വാതന്ത്ര്യമെന്ന നമ്മളുടെ സ്വപ്നം യഥാർഥ്യമായത്. മഹാത്മഗാന്ധിയടക്കമുള്ള ദേശത്തിന്റെ നായകർ കോളനി ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ പദ്ധതി തയ്യാറാക്കുകയും രാജ്യത്തെ പുനർനിർമ്മിക്കുകയും ചെയ്തു. ധീരരായ രക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

ടോക്കിയോ ഒളിംപിക്സിൽ രാജ്യത്തിനായി അഭിമാനകരമായ നേട്ടം കൈവരിച്ച താരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കായികമേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം കൂടി വരുന്നതായും അദ്ദേഹം നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker