ലക്‌നോ: സര്‍ക്കാര്‍ ആശുപത്രിയിലടക്കം എട്ട് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ട ഗര്‍ഭിണിയ്ക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം. നീലം എന്ന 30 വയസുകാരിയാണ് ഉത്തര്‍പ്രദേശ് അതിര്‍ത്തി നഗരമായ ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രിക്കു മുന്നില്‍ നിര്‍ത്തിയിട്ട ആംബുലന്‍സിനുള്ളില്‍ മരിച്ചത്. വെള്ളിയാഴ്ച രക്തസമ്മര്‍ദം ഉയരുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് നീലത്തെ ഭര്‍ത്താവ് വിജേന്ദര്‍ സിംഗ് ഓട്ടോറിക്ഷയില്‍ സാധാരണ ചികിത്സ തേടുന്ന ശിവാലിക് ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ ചികിത്സ ലഭിച്ചില്ല. ഇവിടെനിന്ന് ആറ് ആശുപത്രികളിലേക്ക് ഓട്ടോറിക്ഷയിലും രണ്ട് ആശുപത്രികളിലേക്ക് ആംബുലന്‍സിലും പോയി. എന്നിട്ടും ചികിത്സ നിഷേധിക്കപ്പെട്ടു. 13 മണിക്കൂറിനുശേഷം നീലം ആംബുലന്‍സില്‍ മരിച്ചു. ഇഎസ്‌ഐ ഹോസ്പിറ്റല്‍, സെക്ടര്‍ 30-ലെ ചൈല്‍ഡ് പിജിഐ ഹോസ്പിറ്റല്‍, ശാര്‍ദാ ഹോസ്പിറ്റല്‍, ഗ്രേറ്റര്‍ നോയ്ഡയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തുടങ്ങിയവയെയാണ് ദന്പതികള്‍ സമീപിച്ചത്. ഇതിനുശേഷം നാലു സ്വകാര്യ ആശുപത്രികളെയും ദന്പതികള്‍ സമീപിച്ചുവെങ്കിലും കിടക്ക ഒഴിവില്ലെന്ന മറുപടിയാണു ലഭിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
നോയിഡയിലെ ആശുപത്രി കൊവിഡ് പരിശോധന വേണമെന്നുപറഞ്ഞ് തങ്ങളില്‍നിന്ന് 4500 രൂപ ഈടാക്കി, എന്നാല്‍ ബെഡ്ഡുകള്‍ ഒഴിവില്ലെന്നു പറഞ്ഞ് പിന്നീട് തിരിച്ചയച്ചു. 5800 രൂപ വാടക നല്‍കിയാണ് സ്വകാര്യ ആംബുലന്‍സ് വാടകയ്ക്ക് എടുത്തതെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഗൗതംബുദ്ധ് നഗര്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.