തൃശൂർ:ബൈക്കപകടത്തിൽ അവശനായ തന്റെ ഭർത്താവ് ഡാർവിൻ ഫ്രാൻസിസിന് ജോലിയിൽ തിരികെ കയറാനുള്ള അപേക്ഷയുമായി ലിസ്മോൾ തൃശ്ശൂരിലെ അദാലത്തിന്റെ വേദിയിലെത്തിയത് നിറവയറുമായി.ഏഴുമാസം ഗർഭിണിയായിരിക്കെ അപകടം പറ്റിയ ഭർത്താവുമൊത്താണ് മന്ത്രി എ.സി.മൊയ്തീൻ്റെ മുന്നിലെത്തിയത്. തന്റെ അപേക്ഷയിൽ തുടർനടപടികൾ വേഗത്തിലായത്തിന്റെ ആശ്വാസവും അവിടെ നിന്നും പടിയിറങ്ങുമ്പോൾ ലിസ്മോളുടെ മുഖത്തുണ്ടായിരുന്നു.
2020 ആഗസ്റ്റിൽ ചിയ്യാരം ചീരാച്ചി റോഡിൽ ഉണ്ടായ ബൈക്കപകടത്തിൽ ഡാർവിന്റെ തലക്ക് സാരമായ പരിക്ക് പറ്റിയിരുന്നു. ആറ് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. സെറിബല്ലത്തിന്റെ പ്രവർത്തന ക്രമംതെറ്റിയതിനെ തുടർന്ന് ഓർമ്മ നഷ്ടപ്പെട്ടു.
കാഴ്ചക്കും കേൾവിക്കും ഒരേപോലെ കുറവ് സംഭവിച്ച ഡാർവിന് ജോലിക്ക് പോവാൻ കഴിയാത്ത അവസ്ഥയാണ്. വലത് കണ്ണിനും വലത് ചെവിക്കുമാണ് പ്രധാനമായും തടസം. വലത് ഭാഗത്ത് ശരീരത്തിന്റെ സംവേദന ക്ഷമത നഷ്ടപ്പെട്ടു.ഫിസിയോതെറാപ്പി ചികിത്സ ഇപ്പോഴും തുടരുകയാണ്.
തൃശൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ മെക്കാനിക്കൽ ഗ്രേഡ് ജീവനക്കാരനായ ഡാർവിൻ കുടുംബത്തിന്റെ ഏക അത്താണിയാണ്.പ്രായമായ അച്ഛൻ ഫ്രാൻസിയും അമ്മ ആനിയും ലിസ്മോളും രണ്ട് കുട്ടികളുമടങ്ങുന്നതാണ് ഡാർവിന്റെ കുടുംബം.കിഡ്നി മാറ്റിവെക്കാൻ ശസ്ത്ര ക്രിയ കഴിഞ്ഞ പെങ്ങൾ ഡയാനയും ഇവരോടൊപ്പം കഴിയുന്നു.
മെക്കാനിക്കൽ സംബന്ധമായ ജോലികൾ ചെയ്യാൻ കഴിയാത്ത ഡാർവിന് ശാരീരിക സ്ഥിതി കണക്കിലെടുത്തുകൊണ്ട് പുതിയ ജോലി നൽകാൻ അദാലത്തിൽ ശിപാർശ ചെയ്തു. ജോലിക്ക് പോവാൻ കഴിയാത്ത ദിവസങ്ങളിലെ ശമ്പളം നല്കാനും നടപടിയെടുക്കും.ഇതിന്റ ഭാഗമായി കെ എസ് ആർ ടി സി ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
അദാലത്തിലേക്ക് അപേക്ഷയുമായി വന്ന് കയറുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന പല സംശയങ്ങൾക്കും ഇവിടെ എത്തിയപ്പോൾ ഉത്തരം കിട്ടിയതായി ലിസ് മോളും ഡാർവിനും പറഞ്ഞു. അപകടം വിനയായ ഡാർവിന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷയുടെ നാളുകൾ സമ്മാനിക്കുകയാണ് സാന്ത്വന സ്പർശം പ്രശ്ന പരിഹാര അദാലത്ത്