ഭോപ്പാൽ: കളിക്കുന്നതിനിടെ കുഴൽകിണറിൽ വീണ എട്ടു വയസുകാരൻ മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സുനിൽ സഹു-ജ്യോതി ദമ്പതികളുടെ മകൻ തന്മയ് സഹു ആണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം ബതുൽ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ബേട്ടുൽ ജില്ലയിലുള്ള മാണ്ഡവി ഗ്രാമത്തിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്.
ഡിസംബർ ആറ് ചൊവ്വാഴ്ചയാണ് തന്മയ് 400 അടി താഴ്ചയുള്ള ഒരു കുഴൽകിണറിൽ വീണത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. 65 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കുട്ടി കിടക്കുന്ന സ്ഥലത്ത് എത്താൻ സാധിച്ചെങ്കിലും ജീവനോടെ രക്ഷിക്കാൻ സാധിക്കാതെ വരികയായിരുന്നു.
കൃഷിയിടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി ആളൊഴിഞ്ഞ പറമ്പിലേക്ക് പോയപ്പോൾ തുറന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. തന്മയുടെ സഹോദരിയാണ് കിണറിൽ വീണ വിവരം രക്ഷിതാക്കളെ അറിയിച്ചത്.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടിയെ പുറത്തെടുക്കുന്നതിന് സമാന്തര തുരങ്കം കുഴിക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിരുന്നു. 400 അടി താഴ്ചയുള്ള കുഴൽകിണറിന്റെ 55-ാമത്തെ അടിയിൽ കുട്ടി കുടുങ്ങി നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയ ഉടൻ തന്നെ ഓക്സിജൻ ഉൾപ്പെടെ പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു.
മധ്യപ്രദേശ് സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒടുവിൽ, തൻമയ് സാഹുവിനെ വെള്ളിയാഴ്ച രാത്രി പുറത്തെടുത്തപ്പോൾ ജീവൻ നഷ്ടപ്പെട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.
സംഭവം അറിഞ്ഞ് ഉടൻ തന്നെ പ്രദേശത്തേക്ക് എത്തിയിരുന്നു. അപ്പോൾ അവൻ ശ്വസിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവന്റെ ശബ്ദം കേൾക്കുകയും ചെയ്തിരുന്നു. അന്ന് വൈകിട്ട് ആറ് മണി മുതൽ രക്ഷാപ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നുവെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
രക്ഷാപ്രവർത്തനം മണിക്കൂറുകൾ പിന്നിട്ടതോടെ അധികൃതർക്കെതിരെ കുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. ഒരു നേതാവിന്റേയോ ഉദ്യോഗസ്ഥന്റേയോ കുട്ടിയാണെങ്കിൽ ഇത്രയും സമയം എടുക്കുമോ എന്നും തന്മയിയുടെ അമ്മ ആരോപിച്ചിരുന്നു.
“സമയം ഒരുപാട് പിന്നിട്ടു, ഒരു വിവരവും അറിയിക്കുന്നില്ല. തന്മയ് വീണത് ചൊവ്വാഴ്ചയാണ്, ഇപ്പോൾ വെള്ളിയാഴ്ചയായി. തനിക്ക് ഒന്നും വേണ്ട, മകനെ പുറത്തെടുക്കൂ, തൻ്റെ കുട്ടിയെ കാണണം” എന്നായിരുന്നു അമ്മയുടെ വാക്കുകൾ.
എന്നാൽ, തങ്ങൾ അലംഭാവം കാണിക്കുകയല്ലെന്നും പാറക്കല്ലുകൾ കാരണമാണ് കുഴിയെടുക്കൽ വൈകിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് ശ്യാമേന്ദ്ര ജയസ്വാൾ പറഞ്ഞിരുന്നു.
പ്രദേശവാസിയായ നാനക് ചൗഹാൻ എന്നയാളുടെ കൃഷിയാവശ്യങ്ങൾക്ക് വേണ്ടിയാണ് കുഴൽ കിണർ നിർമിച്ചത്. എന്നാൽ, 400 അടി കുഴിച്ചിട്ടും വെള്ളം കാണാതെ വന്നതോടെ ഉപയോഗശൂന്യമായ കിണർ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, താൻ കിണർ മൂടിയിരുന്നുവെന്നാണ് ചൗവാൻ പറയുന്നത്.