ചെന്നൈ: മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി വ്യത്യസ്തമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത, ഒരുപിടി നല്ല സിനിമകൾ സംവിധാനം ചെയ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ മരണപ്പെട്ടുവെന്ന വാർത്ത സിനിമാമേഖലയെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ചെന്നൈയിലെ ഫ്ളാറ്റിൽ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതാപ് പോത്തന്റെ അപ്രതീക്ഷിത മരണത്തെക്കാൾ ഏറെ അമ്പരപ്പിക്കുകയാണ് അദ്ദേഹം കഴിഞ്ഞ 24 മണിക്കൂറിനിടെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകൾ.
മരണത്തെക്കുറിച്ചും നിലനിൽപ്പിനെ സംബന്ധിച്ചുമുള്ള കുറിപ്പുകളാണ് മരണത്തിന് തൊട്ടുമുൻപുള്ള സമയങ്ങളിൽ പ്രതാപ് പോത്തൻ പങ്കുവച്ചിരിക്കുന്നത്. അമേരിക്കൻ ഗായകൻ ജിം മോറിസൺ, അമേരിക്കൻ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ജോർജ് കാർലിൻ, ഇംഗ്ളീഷ് എഴുത്തുകാരനായ എ എ മിൽനെ എന്നിവരുടെ വാക്കുകളാണ് കുറിപ്പുകളായി പ്രതാപ് പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പുകൾ
കലയിൽ പ്രത്യേകിച്ച് സിനിമയിൽ നിലനിൽക്കാനുള്ള കഠിനശ്രമത്തിലാണ് ആളുകൾ. ഗുണനം എന്നത് ഒരു കളിയാണ്, എല്ലാ തലമുറകളും അത് പിന്തുടരുന്നു. ബില്ലുകൾ ഒടുക്കുന്ന പ്രക്രിയയാണ് ജീവിതം. ഒരു പ്രശ്നത്തിന്റെ വേരിന് ചികിത്സ നൽകാതെ അതിന്റെ ലക്ഷണങ്ങൾക്ക് ചികിത്സ നൽകിക്കൊണ്ടിരുന്നാൽ നിങ്ങൾക്ക് മരുന്നുകടയെ ആശ്രയിക്കേണ്ടതായി വരും. ചെറിയ അളവിൽ ഉമിനീര് ഏറെക്കാലംക്കൊണ്ട് വിഴുങ്ങുന്നതാണ് മരണം. ചിലയാളുകൾ കൂടുതലായി പരിഗണന നൽകുന്നു, അതായിരിക്കാം സ്നേഹം. ഇവയായിരുന്നു പ്രതാപ് പോത്തന്റെ കുറിപ്പുകൾ.
നടൻ, സംവിധായകൻ എന്നതിന് പുറമേ നിർമാതാവ്, എഴുത്തുകാരൻ എന്നീ നിലകളിലും പ്രതാപ് പോത്തൻ ശ്രദ്ധേയനായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. പ്രശസ്ത നിർമാതാവ് ഹരി പോത്തൻ സഹോദരനാണ്. 1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വർഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.