ബെംഗളൂരു: ലൈംഗികാരോപണത്തിലും തനിക്കെതിരേ രജിസ്റ്റര്‍ചെയ്ത പീഡനക്കേസിലും ആദ്യ പ്രതികരണവുമായി ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണ. സത്യം ജയിക്കുമെന്നും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ ഇല്ലെന്നുമാണ് പ്രജ്വല്‍ രേവണ്ണ സാമൂഹികമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. അഭിഭാഷകന്‍ മുഖേന ബെംഗളൂരു സി.ഐ.ഡി.യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അഭിഭാഷകന്‍ മുഖേന അന്വേഷണസംഘത്തിന് കൈമാറിയ കത്തിന്റെ പകര്‍പ്പും പ്രജ്വല്‍ രേവണ്ണ എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ബെംഗളൂരുവിന് പുറത്ത് യാത്രയിലാണെന്നാണ് അന്വേഷണസംഘത്തിന് കൈമാറിയ കത്തില്‍ പ്രജ്വല്‍ രേവണ്ണ പറയുന്നത്. അതിനാല്‍ ബെംഗളൂരുവിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഏഴുദിവസം കൂടി സാവകാശം വേണമെന്നും കത്തില്‍ പറയുന്നു.
നേരത്തെ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും ചോദ്യംചെയ്യലിന് ഹാജരാകാനായി പ്രത്യേക അന്വേഷണസംഘം നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഏഴുദിവസം കൂടി സാവകാശം ആവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേന പ്രജ്വല്‍ രേവണ്ണ മറുപടി നല്‍കിയത്.
ലൈംഗികവീഡിയോകള്‍ പ്രചരിച്ചതോടെ പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് പോയെന്നാണ് പോലീസ് പറയുന്നത്. സമന്‍സ് അയച്ചതോടെ മെയ് മൂന്നിനോ നാലിനോ പ്രജ്വല്‍ രേവണ്ണ നാട്ടില്‍ തിരികെയെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പ്രജ്വല്‍ രേവണ്ണ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്.
അതിനിടെ, പ്രജ്വലിന്റെ മുന്‍ഡ്രൈവര്‍ കാര്‍ത്തിക്കിന്റെ മൊബൈല്‍ഫോണ്‍ പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച കസ്റ്റഡിയിലെടുത്തു. അശ്ലീലവീഡിയോകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാനായാണ് പോലീസ് ഫോണ്‍ പിടിച്ചെടുത്തത്. പ്രജ്വലിന്റെ വീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് ബി.ജെ.പി. നേതാവിനാണ് കൈമാറിയതെന്ന് ഡ്രൈവര്‍ കാര്‍ത്തിക്ക് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.