KeralaNews

കടിച്ചു തൂങ്ങിയാല്‍ അടിച്ചിറക്കേണ്ടി വരും; മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകള്‍

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍. കടിച്ചു തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരുമെന്നും പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയേ മാറുകയുള്ളുവെന്നുമാണ് തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും കെപിസിസിയിലെ അച്ചി ഭരണം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ എംഎല്‍എ ഹോസ്റ്റലിന് മുന്‍പിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അമര്‍ഷം മറനീക്കി പുറത്തു വരുന്നതിന്റെ സൂചനയായാണ് ഈ പോസ്റ്ററുകള്‍ വിലയിരുത്തുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരിന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവസരമുണ്ടാക്കരുത്. കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തില്‍ വീഴരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button