കോട്ടയം: പാലായില്‍ ജോസ് കെ. മാണിക്കെതിരേ പോസ്റ്ററുകള്‍. സേവ് സി.പി.എം ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ജോസ് കെ മാണിയെന്ന കുലംകുത്തിയെ തിരിച്ചറിയണമെന്നും പോളിംഗ് ബൂത്തില്‍ തിരിച്ചടി നല്‍കണമെന്നും പോസ്റ്ററില്‍ പറയുന്നു.
അതേസമയം പാലാ നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചത് വ്യക്തിപരമായ വിഷയത്തിലെന്ന് ജോസ് കെ. മാണി. സിപിഎമ്മും കേരള കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു കഴിഞ്ഞു. ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തിനിടെയാണ് ഭരണപക്ഷ കൗണ്‍സിലര്‍മാരായ സിപിഎമ്മിലെ ബിനു പുളിക്കക്കണ്ടവും കേരള കോണ്‍ഗ്രസ് -എം അംഗം ബൈജു കൊല്ലംപറന്പിലും തമ്മില്‍ ഏറ്റുമുട്ടിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോഗത്തില്‍ ഒരാളെ പങ്കെടുപ്പിക്കാതെ യോഗം ചേര്‍ന്നാല്‍ ഒഴിവാക്കപ്പെട്ട വ്യക്തി പരാതി ഉന്നയിക്കുന്ന പക്ഷം ആ കമ്മിറ്റിയെടുക്കുന്ന തീരുമാനത്തിന് നിയമസാധുത ഉണ്ടോയെന്ന ചോദ്യം ബിനു പുളിക്കക്കണ്ടം ഉന്നയിച്ചതോടെയാണ് പ്രശ്‌നത്തിനു തുടക്കം. സെക്രട്ടറി മറുപടിപറഞ്ഞെങ്കിലും വ്യക്തതയുണ്ടായില്ല. കൃത്യത വന്നതിനുശേഷം യോഗം തുടര്‍ന്നാല്‍ മതിയെന്ന് ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു.
കൗണ്‍സില്‍ യോഗം നടക്കട്ടെയെന്നും ബിനുവിന്റെ ചോദ്യത്തിനുത്തരം കൗണ്‍സില്‍ യോഗം കഴിഞ്ഞു മതിയെന്നുമുള്ള വാദവുമായി ബൈജു കൊല്ലംപറന്പില്‍ എഴുന്നേറ്റതോടെ തര്‍ക്കം മുറുകി. ബിനുവും ബൈജുവും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് നേരിട്ടുള്ള വാക്‌പോരിലേക്ക് നീങ്ങിയതിനിടെ കൈയ്യേറ്റമുണ്ടായി. വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഇരുവരെയും പിടിച്ചുമാറ്റി വീണ്ടും സീറ്റിലിരുത്തി. തര്‍ക്കങ്ങള്‍ക്കിടയില്‍ ചെയര്‍മാന്‍ അജന്‍ഡ ഒരുവിധം വായിച്ചവസാനിപ്പിച്ചു. യോഗത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ ബിനുവും ബൈജുവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയും അടിയേറ്റ ബൈജു തെറിച്ചുവീഴുകയും ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് സിപിഎം, കേരള കോണ്‍ഗ്രസ്- എം പ്രവര്‍ത്തകര്‍ നഗരസഭ ഓഫീ സിനുമുന്നില്‍ തടിച്ചുകൂടിയെങ്കിലും നേതാക്കള്‍ എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. വൈകുന്നേരം ചേര്‍ന്ന ഇടത് മുന്നണി പാര്‍ലമെന്ററി പാര്‍ട്ടിയോഗം സംഭവം ചര്‍ച്ചചെയ്തു. നിസാരപ്രശ്‌നത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ ഹാളില്‍ അടിയുണ്ടാക്കിയതിനെ ന്യായീകരിക്കാനാവില്ലെന്നും കേരള കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള ഭിന്നത മൂലമല്ല പ്രശ്‌നമുണ്ടായതെന്നും നേതാക്കള്‍ അറിയിച്ചു.