ബന്ദിപുര്‍: മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീര്‍ കൊമ്പന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കര്‍ണാടകത്തിലെ രാമപുര ആന ക്യാമ്പിലാണ് നടപടികള്‍. വയനാട്ടില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച മാനന്തവാടിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പനെ കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചയോടെ ചരിഞ്ഞത്. രണ്ടാഴ്ച മുമ്പ് കര്‍ണാടകയിലെ ഹാസനില്‍നിന്ന് പിടികൂടി ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ട കാട്ടാനായിരുന്നു ഇത്. 20 ദിവസത്തെ ഇടവേളയ്ക്കിടെ രണ്ടുതവണയാണ് തണ്ണീര്‍ കൊമ്പന് മയക്കുവെടി ഏറ്റത്. എന്തുകൊണ്ടാണ് ആന ചരിയാനിടയായതെന്ന് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്..
മയക്കുവെടി വെക്കുംമുമ്പ് ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.
ഇതിനിടെ ആനയെ മയക്കുവെടിവെച്ചത് കേന്ദ്ര ചട്ടങ്ങള്‍ ലംഘിച്ചാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ചൂടുള്ള സമയത്ത് ആനയെ മയക്കുവെടി വെക്കരുതെന്നും രാവിലത്തെ സമയമാണ് ഇതിന് അനുയോജ്യമെന്നും കേന്ദ്ര ചട്ടത്തിലുണ്ട്.
മയക്കുവെടിയേറ്റതിനു ശേഷം 15 മണിക്കൂറോളം ആന മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു. ഇതേതുടര്‍ന്ന് നീര്‍ജലീകരണം സംഭവിച്ചതായും ഇലക്ട്രൊലൈറ്റ് അളവ് കുറഞ്ഞതോടെ ഹൃദയാഘാതം ഉണ്ടായതായുമായാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍.