ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദ്ദത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കക്ക് തെക്ക് ഭാഗത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി ഭൂമധ്യരേഖയ്ക്കും അതിനോട് ചേര്‍ന്ന തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ നിഗമനപ്രകാരം കേരളത്തില്‍ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം ഡിസംബര്‍ 18 വരെ കന്യാകുമാരി പ്രദേശങ്ങളിലും ഇന്നും നാളെയും തെക്ക്-കിഴക്കന്‍ ശ്രീലങ്ക, അതിനോട് ചേര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡിസംബര്‍ 19 ന് ഭൂമധ്യരേഖയോട് ചേര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം, അതിനോട് ചേര്‍ന്നുകിടക്കുന്ന തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. അതേ സമയം, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കളക്ടര്‍ അറിയിച്ചു.