വയനാട്: സിദ്ധാര്‍ഥന്റെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ എം.കെ. നാരായണന്‍. സിദ്ധാര്‍ഥന്റെ കുടുംബസുഹൃത്ത് മുഖേന വിവരം ബന്ധുക്കളെ അറിയിക്കാന്‍ ആവശ്യപ്പെട്ടത് താനാണെന്നും ബന്ധുക്കളെ അറിയിച്ചില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാത്രി ഏകദേശം ഒന്നരയോടെയാണ് സംഭവം നടക്കുന്നത്. വിവരം അറിഞ്ഞ് 10 മിനിറ്റിനുള്ളില്‍ താന്‍ അവിടെ എത്തിയിട്ടുണ്ട്. സിദ്ധാര്‍ഥനെ ആശുപത്രിയില്‍ കൊണ്ടുപോകാനും ജീവന്‍ രക്ഷിക്കാനുമുള്ള എല്ലാ നടപടികളും ഉടനടി സ്വീകരിച്ചു. കോളേജിന്റെ ഔദ്യോഗിക വാഹനം സംഭവസമയത്ത് അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് മറ്റൊരു വിദ്യാര്‍ഥിയുടെ വാഹനത്തിലാണ് ആംബുലന്‍സിനെ ഫോളോ ചെയ്തതെന്ന് ഡീന്‍ പറഞ്ഞു.
വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ സിദ്ധാര്‍ഥന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അവിടെ എത്തിയ ഉടന്‍ ഡോക്ടര്‍ സിദ്ധാര്‍ഥനെ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. പത്തുമിനിറ്റിനകം സിദ്ധാര്‍ഥന്റെ വീട്ടിലറിയിക്കാനുള്ള ഏര്‍പ്പാട് ചെയ്ത ശേഷമാണ് തുടര്‍നടപടികള്‍ സംസാരിക്കുന്നതിനായി ഡോക്ടറുടെ അടുത്തേക്ക് പോയതെന്നും ഡീന്‍ വ്യക്തമാക്കി.
‘പൂക്കോട് വെറ്ററിനറി കോളേജിലെ പൂര്‍വവിദ്യാര്‍ഥിയും സിദ്ധാര്‍ഥന്റെ കുടുംബസുഹൃത്തുമായ കൃഷ്ണകാന്ത് എന്ന വിദ്യാര്‍ഥിയെയാണ് ഇതിനായി ഏല്‍പിച്ചത്. സിദ്ധാര്‍ഥന്‍ കോളേജില്‍ ചേരാന്‍ എത്തുമ്പോള്‍ ഇയാളും കൂടെവന്നിരുന്നു. അയള്‍ എം.ഡി. കഴിഞ്ഞ ഒരു ഡോക്ടറാണ്. കൃഷ്ണകാന്തിന്റെ പക്കലുണ്ടായിരുന്ന സിദ്ധാര്‍ഥന്റെ അമ്മാവന്‍ ഷിബുവിന്റെ നമ്പറില്‍ വിളിച്ച് വീട്ടില്‍ അറിയിക്കാന്‍ പറഞ്ഞിട്ടാണ് ഞാന്‍ ഡോക്ടറോട് തുടര്‍നടപടികളെക്കുറിച്ച് സംസാരിക്കാന്‍ പോയത്. അല്ലാതെ ഡീന്‍ ഒരു കാര്യങ്ങളിലും ഇടപെട്ടില്ല എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്,’ – എം.കെ. നാരായണന്‍ പറഞ്ഞു.
ആശുപത്രിയിലെ മറ്റ് നടപടികളും പോലീസ് സ്‌റ്റേഷനില്‍ അറിയിക്കേണ്ടതുമായ ഔദ്യോഗികനടപടികള്‍ നോക്കേണ്ടത് ഡീന്‍ ആണ്. അക്കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. ഹോസ്റ്റലുമായി നേരിട്ട് ബന്ധമില്ലെന്നും ഡീനിന്റ പണി സെക്യൂരിറ്റി സര്‍വീസ് അല്ലെന്നും എം.കെ. നാരായണ്‍ പറഞ്ഞു.