ചെന്നൈ:തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് പൈറേറ്റഡ് വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. 2000ത്തിലധികം വെബ്‌സൈറ്റുകളെയാണ് സിനിമയുടെ വ്യാജപതിപ്പ് റിലീസ് ചെയ്യുന്നതില്‍ നിന്ന് ബാന്‍ ചെയ്തിരിക്കുന്നത്.
പൊന്നിയിന്‍ സെല്‍വന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വെളുപ്പിന് നാല് മണിയോടെയാണ് പൊന്നിയിന്‍ സെല്‍വന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. എല്ലായിടങ്ങളിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആഗോള തലത്തില്‍ 2000തിലധികം തിയേറ്ററുകളിലാണ് പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗം റിലീസ് ചെയ്തിരിക്കുന്നത്. ആദ്യദിനത്തില്‍ 25 കോടിയിലധികം കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. കേരളത്തില്‍ 250ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് ഒരുക്കിയത്.
പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളില്‍ റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വിഎഫ്എകസ് വര്‍ക്കുകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നത്.