24.6 C
Kottayam
Sunday, May 19, 2024

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് 50 ശതമാനം കടന്നു

Must read

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘത്തില്‍ അഞ്ച് ജില്ലകളില്‍ കനത്ത പോളിംഗ്. അന്‍പത് ശതമാനത്തില്‍ അധികം ആളുകള്‍ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പോളിംഗ് ബൂത്തുകളില്‍ നീണ്ട നിരയാണ് നിലവിലുള്ളത്.

ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ആകെ 53.65 ശതമാനം പോളിംഗ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് 50.31 ശതമാനവും കൊല്ലത്ത് 54.02 ശതമാനവും പത്തനംതിട്ടയില്‍ 54.04 ശതമാനവും ആലപ്പുഴയില്‍ 56.07 ശതമാനവും ഇടുക്കിയില്‍ 55.84 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

ഒരുമാസം നീണ്ടുനിന്ന നാടും നഗരവും ഇളക്കിമറിച്ചുള്ള പ്രചാരണവും കൊവിഡിനെ പ്രതിരോധിക്കാനാവുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെയും ഭരണകൂടത്തിന്റെയും ഉറപ്പും വോട്ടര്‍മാരെ സ്വാധീനിച്ചെന്നു തെളിയിക്കുന്നതാണ് പോളിംഗ് കണക്കുകള്‍.

രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകള്‍ക്കു മുന്നിലേക്ക് നഗര ഗ്രാമ വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ ഒഴുക്കായിരുന്നു. അപൂര്‍വമായി ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ പണിമുക്കിയതൊഴിച്ചാല്‍ മറ്റു തടസങ്ങളൊന്നുമുണ്ടായില്ല. പലപ്പോഴും വോട്ടര്‍മാരുടെ ആവേശത്തിനു മുന്നില്‍ കൊവിഡ് കരുതലും സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല.

മന്ദഗതിയില്‍ പോളിംഗ് പുരോഗമിക്കാറുള്ള തലസ്ഥാന ജില്ലയില്‍ പോലും ഇക്കുറി മാറ്റം പ്രകടമാണ്. വൈകുന്നേരങ്ങളില്‍ തിരക്കനുഭവപ്പെടാറുള്ള തീരദേശമേഖലകളില്‍ രാവിലെ മുതല്‍ നീണ്ട നിര ദൃശ്യമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week