കോട്ടയം: പുതുപ്പള്ളിയില്‍ കനത്തമഴയെ അവഗണിച്ചും വോട്ടുചെയ്യാന്‍ കൂട്ടമായെത്തി വോട്ടര്‍മാര്‍. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴയ്ക്കിടയിലും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാന്‍ കഴിയുന്നത്. ഉച്ചയ്ക്ക് ഒന്നരവരെ 50.88 ശതമാനമാണ് പോളിങ്.
ഒരുമണിവരെ ആകെ 83,140 പേര് വോട്ടുചെയ്തു. ഇതില്‍ 41,921 പുരുഷന്മാരുംട 41,217 സ്ത്രീകളും രണ്ടുട്രാന്സ്ജെന്ഡറുകളും ഉള്‍പ്പെടുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജയ്ക് സി. തോമസ് മണര്‍കാട് കണിയാംകുന്ന് യു.പി. സ്കൂളിലെത്തി വോട്ടുരേഖപ്പെടുത്തി. യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ ബൂത്തിലാണ് വോട്ടുചെയ്തത്. ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ വോട്ടില്ല.
വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. 1,76,417 വോട്ടര്‍മാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണല്‍. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളുമടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്. 182 ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയമസഭയിലെ ബലാബലത്തില്‍ എന്തെങ്കിലും മാറ്റംവരുത്തുന്നതല്ല ഫലമെങ്കിലും അതിന്റെ രാഷ്ട്രീയം എല്ലാവര്ക്കും നിര്‍ണായകമാണ്. ഉമ്മന്‍ചാണ്ടിയുടെ സ്മരണകള്‍ നിറയുന്ന തിരഞ്ഞെടുപ്പില്‍ മകന് ചാണ്ടി ഉമ്മന്‍ വെറും ജയമല്ല യു.ഡി.എഫിന്റെ നോട്ടം. മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷമാണ് ലക്ഷ്യം.
പോയ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്തമത്സരം നല്കിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് പോരാട്ടം വിജയതീരത്തേക്ക് എത്തിക്കാനാണ്. കഴിഞ്ഞതവണ നേടിയ 54,328 വോട്ടിനൊപ്പം പതിനായിരംകൂടി സമാഹരിച്ചാല്‍ വിജയം ഉണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
എന്‍.ഡി.എ. സമീപകാലത്ത് സ്വന്തമാക്കിയ ഏറ്റവുംവലിയ വോട്ടുശേഖരം പി.സി. തോമസിലൂടെയാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ അദ്ദേഹത്തിന് 20,911 വോട്ട് നേടാനായി. ലിജിന്‍ലാലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. മികച്ചപ്രവര്‍ത്തനം നടത്തിയ ആം ആദ്മി പാര്‍ട്ടി എത്ര വോട്ട് നേടുമെന്നതും പ്രധാനം. ലൂക്ക് തോമസാണ് സ്ഥാനാര്‍ഥി.
ഉമ്മന്‍ചാണ്ടിയുടെ മരണത്തേത്തുടര്‍ന്നുള്ള സഹതാപതരംഗം വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. സഭകളും സമുദായനേതൃത്വങ്ങളും സ്വീകരിക്കുന്ന നിലപാടും മണ്ഡലത്തിലെ വികസനവും സംസ്ഥാന, കേന്ദ്ര ഭരണങ്ങളുടെ വിലയിരുത്തലുമെല്ലാം സ്വാധീനം ചെലുത്താനിടയുള്ള ഘടകങ്ങളാണ്. കോട്ടയം അടക്കമുള്ള ജില്ലകളില്‍ തുടരുന്ന മഴ പുതുപ്പള്ളിയിലെ വോട്ടെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നുണ്ട്.
വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് ഡിവൈ.എസ്.പി.മാര്‍, ഏഴ് സി.ഐ.മാര്‍, 58 എസ്.ഐ./എ.എസ്.ഐ.മാര്‍, 399 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 142 സായുധ പോലീസ് ബറ്റാലിയന് അംഗങ്ങള്‍, 64 കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍(സി.എ.പി.എഫ്.) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എ.ഡി.ജി.പി., ഡി.ഐ.ജി., സോണല്‍ ഐ.ജി., ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ സ്ട്രൈക്കിങ് ഫോഴ്സും പ്രവര്‍ത്തിക്കും.